Quantcast

'മീഡിയവൺ വാർത്തയ്ക്കുശേഷം കെ.കെ രാഗേഷ് വിളിച്ചു'- താരങ്ങളുടെ ജോലി വിഷയത്തില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് സി.കെ വിനീത്

''കേരളത്തിൽ ജോലി കിട്ടുന്ന ഒരു താരത്തിനും പുറത്തുപോയി കളിക്കാനുള്ള സാഹചര്യമില്ല. ബംഗാളിലും ബാംഗ്ലൂരിലും പഞ്ചാബിലുമെല്ലാം ജോലി കിട്ടിയവരെല്ലാം കളിക്കാൻ പോകുന്നുണ്ട്. കേരളത്തിൽ മാത്രമേ കളിക്കാൻ വിടാത്ത സാഹചര്യമുള്ളൂ.''

MediaOne Logo

Web Desk

  • Published:

    10 Aug 2023 11:39 AM GMT

CKVineeth, AnasEdathodika, RinoAnto, footballplayersgovernmentjobcontroversy, CK Vineeth says CMs office intervened in jobs of  Anas Edathodika and Rino Anto
X

കെ.കെ രാഗേഷ്, സി.കെ വിനീത്

കണ്ണൂർ: മലയാളി ഫുട്‌ബോൾ താരങ്ങളായ അനസ് എടത്തൊടികയുടെയും റിനോ ആന്റോയുടെയും സർക്കാർ ജോലി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ടെന്ന് സി.കെ വിനീത്. മീഡിയവൺ വാർത്തയ്ക്കുശേഷം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് വിളിച്ചിരുന്നുവെന്നും ഉടൻ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയുണ്ടെന്നും സ്‌പോർട്‌സ് കൗൺസിൽ അംഗം കൂടിയായ വിനീത് പറഞ്ഞു. 'മീഡിയവണി'നോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

''മീഡിയവണിന്റെ വാർത്ത ഞാൻ കണ്ടിരുന്നു. അതിനുശേഷമുള്ള ഷറഫലിയുടെയും അനസിന്റെയുമെല്ലാം പ്രതികരണങ്ങളും കണ്ടു. ഇതിനുശേഷം കെ.കെ രാഗേഷ് എന്നെ വിളിച്ചിരുന്നു. ഇവരുടെ ഫയലുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞു. അതുകൊണ്ട് പെട്ടെന്നുതന്നെ മാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ''-വിനീത് പറഞ്ഞു.

''താരങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് സ്‌പോർട്‌സ് കൗൺസിൽ സർക്കാരിനു ശിപാർശ നൽകുമെന്നാണു പ്രതീക്ഷ. വിഷയത്തിൽ നേരത്തെ അനസിനും റിനോയ്ക്കുമൊപ്പം മുഖ്യമന്ത്രിയെ പോയി കണ്ടിട്ടുണ്ട്. അനുകൂലമായ സമീപനമാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. അവരുടെ ജോലിയുടെ കാര്യത്തിൽ പെട്ടെന്നുതന്നെ തീരുമാനമാകുമെന്നാണു പ്രതീക്ഷ.

താരങ്ങളുടെ അപേക്ഷ തള്ളിയതിന്റെ പേരിലാണ് വിഷയം ഇപ്പോൾ ചർച്ചയാകുന്നത്. മാനദണ്ഡങ്ങളിൽ വന്ന പിശകുകാരണമാണ് അപേക്ഷ തള്ളിയത്. ആ മാനദണ്ഡങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് സ്‌പോർട്‌സ് കൗൺസിലിനു നൽകുകയും അതുമായി കൗൺസിൽ മുന്നോട്ടുപോകുകയും ചെയ്യുന്നുണ്ട്. തുടർ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ.''

അടുത്ത തവണ മാനദണ്ഡങ്ങൾ മാറിയാലും പ്രായപരിധി പിന്നിടുന്നതിനാൽ ഇവർക്ക് അപേക്ഷിക്കാനാകില്ലെന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നും വിനീത് ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഇപ്പോൾ തന്നെ വിഷയത്തിൽ തീരുമാനമാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടത്. അവരുടെ എല്ലാവരുടെ ഭാഗത്തുനിന്നും അനുകൂലമായ സമീപനമാണുണ്ടായത്. സർക്കാരിൽനിന്നു വ്യത്യസ്തമായി പുതിയ വിവാദങ്ങൾ കുറച്ചുകൂടി വ്യക്തിപരമായ വിഷയങ്ങളാണെന്നാണു തോന്നുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

മൂന്ന് കൊല്ലം മുൻപ് കളിക്കാൻ പോയതിന്റെ പേരിൽ എന്റെ ജോലിയും പോയിരുന്നു. കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും കേരളത്തിൽ ജോലി കിട്ടുന്ന ഒരു താരത്തിനും പുറത്തുപോയി കളിക്കാനുള്ള സാഹചര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയുമോ എന്ന് അറിയില്ല. ബംഗാളിലും ബാംഗ്ലൂരിലും പഞ്ചാബിലുമെല്ലാം ജോലി കിട്ടിയവരെല്ലാം കളിക്കാൻ പോകുന്നുണ്ട്. കേരളത്തിൽ മാത്രമേ കളിക്കാൻ വിടാത്ത സാഹചര്യമുള്ളൂ-വിനീത് കുറ്റപ്പെടുത്തി.

ഒരുപാട് നല്ല താരങ്ങൾക്ക് ഇവിടെ ജോലി കിട്ടിയ ശേഷം ഫുട്‌ബോൾ കരിയർ അവസാനിക്കുന്നതാണു കണ്ടിട്ടുള്ളത്. അങ്ങനെയല്ലാത്ത താരങ്ങൾ വിരളമാണ്. ജോലി ഉപേക്ഷിച്ച് റിസ്‌കെടുത്ത് കളിക്കാൻ പോകുന്നവർ കുറവാകും. ആസിഫ് സഹീർ മുതൽ ഇവിടെ ജോലി കിട്ടി ഇവിടെത്തന്നെ നിന്നുപോയ ഒരുപാട് താരങ്ങളുണ്ട്.

ദേശീയ ടീമിൽ കളിക്കണമെങ്കിൽ ഇക്കാലത്ത് ഐ.എസ്.എല്ലിലൊക്കെ കളിച്ചേ മതിയാകൂ. കൊൽക്കത്തയിലെല്ലാം ജോലി കിട്ടിയാലും കളിക്കാൻ പോകാം. വിരമിച്ച ശേഷം ജോലിയിൽ തിരിച്ചുകയറിയാൽ മതി. നിലവിലെ സ്ഥിതിയിൽ താരങ്ങൾക്കു ജോലി നിർബന്ധമാണെന്നും സി.കെ വിനീത് കൂട്ടിച്ചേർത്തു.

Summary: CK Vineeth has said that the Chief Minister's office has intervened in the government jobs of Malayali football players Anas Edathodika and Rino Anto

TAGS :

Next Story