Quantcast

'സ്വകാര്യ ഹോട്ടൽ പ്രൊമോഷനും മതപ്രഭാഷണവും': കൊല്ലം കലക്ടർ ആനി ജൂല തോമസിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

പരിപാടികളില്‍ പങ്കെടുത്തത്തതിന്റെ വീഡിയോ സഹിതമാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2026 8:59 PM IST

സ്വകാര്യ ഹോട്ടൽ പ്രൊമോഷനും മതപ്രഭാഷണവും: കൊല്ലം കലക്ടർ ആനി ജൂല തോമസിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി
X

 കൊല്ലം ജില്ലാ കലക്ടർ ആനി ജൂല തോമസ്

കൊല്ലം: സ്വകാര്യ ഹോട്ടലിന്റെ പ്രൊമോഷൻ വീഡിയോയിൽ പങ്കെടുത്തതിനും പൊതുവേദികളിൽ മതപ്രഭാഷണം നടത്തിയതിനും കൊല്ലം ജില്ലാ കലക്ടർ ആനി ജൂല തോമസിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. ഐഎഎസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പന്തളം മങ്ങാരം സ്വദേശി മുഹമ്മദ് മുബാറക്കാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

മൺറോത്തുരുത്തിലെ സ്വകാര്യ റിസോർട്ടിന്റെയും ഹോട്ടലിന്റെയും ഭക്ഷണവും സേവനങ്ങളും പുകഴ്ത്തിക്കൊണ്ടുള്ള പ്രൊമോഷൻ റീലിൽ ജില്ലാ കലക്ടർ പ്രത്യക്ഷപ്പെട്ടത് സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

ഉന്നത ഐഎ.എസ് ഉദ്യോഗസ്ഥ എന്ന പദവി ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. മാരാമൺ കൺവെൻഷൻ അടക്കമുള്ള മതപരമായ പരിപാടികളിലും മറ്റ് പരിപാടികളിലും കലക്ടർ പങ്കെടുത്ത് സുവിശേഷ പ്രസംഗ മാതൃകയിൽ സംസാരിക്കുന്നത് ഭരണഘടനാപരമായ നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണ്. ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരം വേദികളിൽ സജീവമാകുന്നത് ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട മതനിരപേക്ഷ സ്വഭാവത്തെയും ഭരണനിഷ്പക്ഷതയെയും ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

സ്വകാര്യ വാണിജ്യ പരസ്യങ്ങളിൽ സഹകരിക്കുന്നതും മതപ്രചാരണങ്ങളിൽ ഏർപ്പെടുന്നതും ഓൾ ഇന്ത്യ സർവീസ് (കണ്ടക്ട്) റൂൾസ് 1968ന്റെ വ്യക്തമായ ലംഘനമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പരിപാടികളില്‍ പങ്കെടുത്തത്തതിന്റെ വീഡിയോ സഹിതമാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തെ പുകഴ്ത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കലക്ടര്‍ ആനി ജൂല രംഗത്ത് എത്തിയിരുന്നു. കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനമാണ് ഹോട്ടലില്‍ നടത്തിയതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് കലക്ടര്‍ നടത്തിയതെന്നായിരുന്നു വിമര്‍ശനം.

TAGS :

Next Story