പാറശ്ശാലയിൽ പതിനാറുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി; കേസ് ഒതുക്കി തീർക്കാന്‍ നീക്കമെന്ന് കുടുംബം
ഷിബുവിൻ്റെ പേരുവിവരങ്ങൾ അടക്കം പരാതി നൽകിയെങ്കിലും എഫ്ഐആറിൽ അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: പാറശ്ശാലയിൽ പതിനാറുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. അമരവിള എല്‍.എം.എസ്.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. അമരവിള സ്വദേശി ഷിബു ആണ് മർദിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് സംഭവം. സ്കൂളിലെ കായിക മത്സരങ്ങളുടെ ഭാഗമായി കുട്ടികൾ മൈതാനത്ത് എത്തിയതായിരുന്നു. ഈ സമയം മൈതാനത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഷിബു കുട്ടികളെ വിരട്ടി ഓടിച്ചു. കളി കഴിയാനായി ഗ്രൗണ്ടിന് പുറത്ത് കാത്തുനിന്ന വിദ്യാർഥിയുടെ അടുത്തേക്ക് എത്തിയ ഷിബു യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നും എന്നാണ് ആരോപണം. കുട്ടിയെ മുതുകിൽ ഇടിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് പുറത്തേക്ക് തള്ളിയിടുകയും ചെയ്തതായാണ് പരാതി.
നിലത്ത് വീണ കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച സഹപാഠികൾക്ക് നേരെ ഇയാൾ ആക്രോശിച്ചെന്നും പരാതിയിൽ പറയുന്നു. ഷിബുവിൻ്റെ പേരുവിവരങ്ങൾ അടക്കം പരാതി നൽകിയെങ്കിലും പൊലീസ് എഫ്ഐആറിൽ അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണ് ഇതെന്ന് കുടുംബം ആരോപിച്ചു.
Adjust Story Font
16

