Quantcast

പിഴ ഈടാക്കിയത് അന്വേഷിക്കാനെത്തിയ വ്യാപാരിയെ പഞ്ചായത്ത് ജീവനക്കാർ മർദിച്ചെന്ന് പരാതി

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി

MediaOne Logo

Web Desk

  • Published:

    11 Jan 2024 8:56 AM IST

kasargod badiyedukka attack
X

പരിക്കേറ്റ അബ്ദുറഹ്മാന്‍ ആശുപത്രിയിൽ

കാസർകോട്: വ്യാപാര സ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ ചെന്ന സ്ഥാപന ഉടമയെ പഞ്ചായത്ത് ജീവനക്കാർ മർദിച്ചതായി പരാതി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു.

ഓഫിസിലെത്തിയ സ്ഥാപന ഉടമ ജീവനക്കാരോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് സെക്രട്ടറി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.

ബദിയടുക്ക പഞ്ചായത്ത് ഓഫിസിലാണ് ജീവനക്കാരും വ്യാപാരിയും തമ്മിൽ വാക്കേറ്റവും കയ്യങ്കളിയുമുണ്ടായത്. നീര്‍ച്ചാലിൽ മലഞ്ചരക്ക് കട നടത്തുന്ന ആലംപാടി സ്വദേശി അബ്ദുറഹ്മാന്‍(65),മകന്‍ ഉസ്മാന്‍(24) എന്നിവരെ മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാൻ പഞ്ചായത്ത് ഓഫിസിലെത്തിയ തങ്ങളെ പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ഇവർ പറയുന്നു.

എന്നാൽ, ഓഫിസിലെത്തിയ വ്യാപാരിയും മകനും ജീവനക്കാരോട് മോശമായ രീതിയില്‍ പെരുമാറുകയും കയ്യേറ്റം ചെയ്തതായും പഞ്ചായത്ത് സെക്രട്ടറി പറയുന്നു. പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

സംഭവം ചർച്ച ചെയ്യാൻ ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതിയുടെ പ്രത്യേക യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാര്‍ മർദിച്ചെന്ന വ്യാപാരിയുടെ പരാതിയും വ്യാപാരി ഓഫിസിൽ അതിക്രമിച്ച് കയറി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന ജീവനക്കാരുടെ പരാതിയും യോഗത്തിൽ ചർച്ചയാവും.



TAGS :

Next Story