പൊലീസ് മർദനം മജിസ്‌ട്രേറ്റിനോട് പറഞ്ഞതിന് യുവാവിനെ ജയിൽ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി
നെയ്യാറ്റിൻകര ജയിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി

തിരുവനന്തപുരം: പൊലീസ് മർദനം മജിസ്‌ട്രേറ്റിനോട് പറഞ്ഞതിന് യുവാവിനെ ജയിൽ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിൽ സ്വദേശി സജിൻ ദാസാണ് പരാതി നൽകിയത്. ഗുരുതരമായി പരിക്കേറ്റ സജിൻ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബാങ്കില്‍ നിന്നും സജിൻ ദാസ് ഒരുലക്ഷം രൂപ വായ്പയെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ വെള്ളറട പൊലീസുമായി സജിൻ ദാസിന്റെ വീട്ടിലെത്തി. തുടർന്ന് സജിൻ ദാസിന്റെ വീട്ടിൽ നിന്ന് വസ്തുവകകൾ ജപ്തി ചെയ്ത് ലോറിയിൽ കയറ്റി. ലോറി മുന്നോട്ടെടുത്തപ്പോൾ സജിൻ ദാസ് കുറുകെ നിന്നത് വാക്കേറ്റത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും കാര്യങ്ങൾ എത്തിച്ചു. ഇതോടെ സജിൻ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി. ജീപ്പിൽ വെച്ച് പൊലീസുകാർ തന്നെ മർദിച്ചെന്നാണ് സജിൻ ദാസിന്റെ ആദ്യ ആരോപണം. ഇക്കാര്യം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും സജിൻ ദാസ് പറഞ്ഞു.
തുടർന്ന് റിമാൻഡിലായി ജയിലിലെത്തിയ സജിൻ ദാസിനെ മൂന്നംഗ ജയിൽ ഉദ്യോഗസ്ഥരുടെ സംഘം മർദിച്ചെന്ന് സജിൻ ദാസ് ആരോപിച്ചു. മർദനത്തോടെ ശ്വാസതടസ്സം നേരിട്ട സജിന്‍ ദാസിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമറ ഇല്ലാത്ത മുറിയിൽ കൊണ്ടുപോയാണ് തന്നെ മര്‍ദിച്ചതെന്ന് സജിന്‍ ദാസ് ആരോപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് താൻ പരാതി നൽകുമെന്നും സജിൻ ദാസ് വ്യക്തമാക്കി.
Adjust Story Font
16

