എറണാകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി
ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം തിരുകി കയറ്റിയിയെന്നാണ് യുഡിഎഫ് നോതാക്കളുടെ ആരോപണം

കൊച്ചി: എറണാകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി. കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേക്കുളള വോട്ടര്‍ പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം തിരുകി കയറ്റിയിയെന്നാണ് യുഡിഎഫ് നോതാക്കളുടെ ആരോപണം.
ആള്‍താമസം ഇല്ലാത്തൊരു വീട്ടില്‍ മാത്രം മുപ്പതിലധികം താമസക്കരുടെ പേരുകളാണ് പട്ടികയിലിടം പിടിച്ചതെന്ന് യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.
മുണ്ടംവേലി, മാനാശേരി, ഐലന്‍ഡ് തുടങ്ങിയ ഡിവിഷനുകളിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരുകി കയറ്റിയതായി വ്യാപക പരാതി ഉയരുന്നത്. മുണ്ടംവേലി ഈസ്റ്റിലെ ഒരു വീട്ടു നമ്പറില്‍ 34 താമസക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീട്ടു നമ്പറിലുള്ളതാകട്ടെ മൂന്നുപേര്‍ മാത്രം. ഉടമസ്ഥനും കുടുംബവും വിദേശത്തായതിനാല്‍ കാലങ്ങളായി വീട് അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ ബാക്കിയുള്ള 31 പേര്‍ ആരാണെന്ന് അയല്‍പക്കത്തുള്ളവര്‍ക്ക് പോലും അറിയില്ല.
ഗാന്ധിനഗര്‍ ഡിവിഷനിലെ താമസക്കാരായ നാനൂറോളം ആളുകളുടെ വോട്ടുകള്‍ ഡിവിഷന്‍ അതിര്‍ത്തി മറികടന്ന് ഗിരിനഗര്‍ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതായും പരാതിയുണ്ട്.
ഇതില്‍ പി ആന്‍ഡ് ടി കോളനിയിലെ താമസക്കാരെ മുണ്ടംവേലി ഈസ്റ്റ് ഡിവിഷനിലെ ഫ്‌ലാറ്റുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലരുടെയും വോട്ട് ഇപ്പോഴും ഗാന്ധിനഗറില്‍ തുടരുകയുമാണ്. വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ക്കെതിരെ പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്.
Adjust Story Font
16

