Quantcast

'കേന്ദ്ര സർക്കാർ കേരളത്തിലെ റബ്ബർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന'; മന്ത്രി പി.പ്രസാദ്

കേരളത്തില്‍ റബ്ബറിന്റെ വിലത്തകര്‍ച്ച കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നടപ്പിലാക്കി വരുന്ന റബ്ബർ പ്രൊഡക്ഷൻ ഇന്‍സന്റീവ് സ്കീം വഴി സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    31 Jan 2024 4:13 PM GMT

central government, rubber farmers in Kerala, Minister P. Prasad,കേന്ദ്ര സർക്കാർ, കേരളത്തിലെ റബർ കർഷകർ, മന്ത്രി പി പ്രസാദ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകരോട് കേന്ദ്രത്തിനുള്ളത് വിവേചന പരമായ നയമാണെന്നും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതികളാണ് കർഷകർക്ക് അല്പമെങ്കിലും ആശ്വാസമേകുന്നതെന്നും മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. മോൻസ് ജോസഫ് എം.എൽ. എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ റബ്ബറിന്റെ വിലത്തകര്‍ച്ച കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നടപ്പിലാക്കി വരുന്ന റബ്ബർ പ്രൊഡക്ഷൻ ഇന്‍സന്റീവ് സ്കീം വഴി സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റബ്ബർ ബോർഡിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ഏകദേശം 9.5 ലക്ഷത്തോളം റബ്ബർ കർഷകരാണ് സംസ്ഥാനത്തു ആകെയുള്ളത്. അതിൽ 5,59,458 കർഷകർ റബ്ബർ ബോർഡിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.മേൽ നിബന്ധന ബാധകമായ ഏതൊരു ചെറുകിട-നാമമാത്ര കർഷകനും പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആനുകൂല്യത്തിന് അർഹനാകുന്നതിൽ യാതൊരു തടസ്സവുമില്ലന്നും മന്ത്രി വ്യക്തമാക്കി.

ലോക ബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ പ്രതിരോധ മൂല്യ വർദ്ധിത ശൃംഖല നവീകരണ പദ്ധതി (കേര) പ്രകാരം പ്ലാന്റേഷൻ സെക്ടറിന്റെ ഉന്നമനത്തിനായി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു ഹെക്ടറിന് 75,000 രൂപ നിരക്കിൽ ഏകദേശം 225 കോടി രൂപയാണ് റബ്ബറിന്റെ പുനർ നടീൽ സഹായത്തിനായി വകയിരുത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കർഷകർക്കുള്ള സാങ്കേതിക സഹായം, വായ്പാധിഷ്ടിത പുനർ നടീൽ പദ്ധതി എന്നിവ നടപ്പിലാക്കി ദീർഘ കാലാടസ്ഥാനത്തിൽ കേരളത്തിന്റെ റബ്ബർ കൃഷി വിപുലപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു . റബ്ബറിന്റെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കത്തക്ക വിധം ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകരിൽ എത്തിക്കുവാൻ കൂടുതൽ നേഴ്സറികൾ ആരംഭിക്കുവാനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. റബ്ബർ കർഷകർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുവാൻ “പാർഷ്യൽ ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീമും” പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. റബ്ബർ ബോർഡ് മുഖേനയായിരുന്നു നാളിതുവരെ റബ്ബർ കൃഷിക്കുള്ള ആനുകൂല്യം നൽകി വന്നിരുന്നത്. എന്നാൽ ഇതാദ്യമായാണ് റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ കൃഷി വകുപ്പ് മുഖേന 'കേര' പദ്ധതിയിലൂടെ ഇടപെടുന്നത്.

റബ്ബറിന്റെ ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് 2021 ൽ കിലോയ്ക്ക് 150 രൂപയായിരുന്ന താങ്ങുവില 170 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുള്ളതാണ്. റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്നും 250 ആയി ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യത്ഥിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ പരിഗണിച്ചിട്ടില്ല. റബ്ബറിന്റെ വിലയിടിവ് റബ്ബർ കർഷകരെ ബാധിക്കുന്നുണ്ട്. എന്നാലും 2015-16 ൽ ടാപ്പ് ചെയ്യുന്ന റബ്ബറിന്റെ വിസ്തീർണ്ണം 2,96,465 ഹെക്ടർ ആയിരുന്നത് 2021-22 ൽ 3,55,700 ഹെക്ടർ ആയി വർദ്ധിച്ചു. ഉത്പാദനം 4,38,630 ടൺ ആയിരുന്നത് 5,56,600 ടൺ ആയും വർദ്ധിച്ചിട്ടുണ്ട്. 1,17,970 ടണ്ണിന്റെ ഉത്പാദന വർദ്ധനവ് ആണ് നേടിയിട്ടുള്ളത്. കേരളത്തിൽ ഉത്പാദനം കൂടുമ്പോൾ തന്നെ കേന്ദ്ര സർക്കാർ അനിയന്ത്രിതമായി റബ്ബർ ഇറക്കുമതി ചെയ്യുകയാണ്. 2015-16 ൽ 4,58,374 ടൺ ഇറക്കുമതി എന്നത് 2021-22 ൽ 5,46,361 ടൺ ആയി വർദ്ധിച്ചു. ഇതിൽ 40.5 ശതമാനം ആസിയാൻ കരാറിന്റെ ഭാഗമായി തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്തതാണ്. ഈ പ്രവണത വീണ്ടും തുടർന്നു വരികയാണ്. ഇത് സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.

തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എല്ലാ തരത്തിലുമുള്ള ഉണക്കരൂപത്തിലുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവ 70% ലേക്ക് ഉയർത്തണമെന്നും റബ്ബറിനെ “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിലും നടപടി ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ചണ്ടി റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നിലവിലുള്ള നിരോധനം തുടരണമെന്ന് കേന്ദ്ര വാണിജ്യ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുള്ള ഇറക്കുമതിയും കർഷകനെ ദോഷമായി ബാധിക്കുമെന്നതിനാൽ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ റബ്ബർ ഇറക്കുമതി പരിമിതപ്പെടുത്തണമെന്നും സ്വാഭാവിക റബ്ബർ , ചിരട്ടപ്പാൽ എന്നിവയുടെ ഇറക്കുമതി 2019 -ലെ നാഷണൽ റബ്ബർ പോളിസിയിലൂടെ തടയണമെന്നും ദേശീയ തലത്തിൽ റോഡ് റബ്ബറൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റു നിർമ്മാണ പ്രവൃത്തികളിൽ റബ്ബർവുഡിന്റെയും , റബ്ബർ അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നാഷണൽ റബ്ബർ പോളിസിയിലൂടെ സാധ്യമാകണമെന്നും അതാത് അവസരങ്ങളിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ തീരുവയിൽ നിന്ന് ഒരു നിശ്ചിത തുക ഉപയോഗിച്ച് നാഷണൽ റബ്ബർ റിസ്ക് ഫണ്ട് രൂപീകരിച്ച് വിലയിടിവ് പരിഹരിക്കുവാൻ കേരള സർക്കാർ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാർ നാളിതുവരേയും തുടർ നടപടികൾ സ്വീകരിച്ചില്ല. കേന്ദ്ര സർക്കാരിന്റെ കുറഞ്ഞ താങ്ങുവില പട്ടികയിൽ റബ്ബറിനെ ഉൾപ്പെടുത്താൻ കേരള സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികൾ കൈകൊണ്ടിട്ടില്ല. കേരളത്തിന്റെ ഇടപെടൽ കാരണം റബ്ബറിനെ കാർഷിക ഉത്പ്പന്നമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പരിശോധിക്കാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2019 ലെ റബ്ബർ നയത്തിൽ വ്യകതമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിലും തുടർ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കേരള സർക്കാരിന്റെ നിരന്തര ആവശ്യം പരിഗണിച്ച് റോഡ് ടാറിങ്ങിന് റബ്ബർ ഉപയോഗിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾക്ക് റോഡ് ട്രാൻസ്പോർട്ട് & ഹൈവേ മന്ത്രാലയം 2019 ൽ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ടയർ കമ്പനികൾ റബ്ബറിന്റെ വില ഇടിക്കുന്നതിന്റെ തെളിവാണ് കോമ്പറ്റീഷൻ കമ്മീഷൻ 1788.144 കോടി രൂപ വിവിധ ടയർ കമ്പനികളിൽ നിന്നും ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറിങ്ങ് കമ്പനികളിൽ നിന്നും ഈടാക്കുവാൻ നൽകിയ വിധി. റബ്ബർ കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ ഈ വിരുദ്ധ നയങ്ങൾ തുടരുമ്പോഴും കേരള സർക്കാർ നടപ്പിലാക്കിയ RPIS സ്കീം കർഷകരെ ഈ മേഖലയിൽ തുടരുവാൻ പ്രേരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story