എസ്ഐആറിൽ ആശങ്ക ഒഴിയുന്നില്ല; രേഖകൾ സമർപ്പിക്കേണ്ട 37 ലക്ഷം പേരിൽ പകുതി പേരുടെയും ഹിയറിങ് പൂർത്തിയായില്ല
സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകൾ സമർപ്പിക്കേണ്ടതിൽ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്. സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത.
ഫെബ്രുവരി പതിനാലാണ് ഹിയറിങിനുള്ള അവസാന സമയം. ഇനി ബാക്കിയുള്ള 18 ദിവസത്തിനുള്ളിൽ 24 ലക്ഷത്തിലധികം പേരുടെ ഹിയറിങ് നടപടികളാണ് പൂർത്തീകരിക്കേണ്ടത്. കരട് പട്ടികയിൽ ആകെ 2.54 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2002ലെ പട്ടികയുമായി മാപ്പിങ് ചെയ്യാനാവാത്ത 19.32 ലക്ഷം പേർക്ക് ഹിയറിങ്ങിന് നോട്ടീസ് നൽകുമെന്നായിരുന്നു കമ്മീഷൻ ആദ്യം അറിയിച്ചിരുന്നത്. പേരിലെ അക്ഷരത്തെറ്റ് അടക്കമുള്ള ലോജിക്കൽ ഡിസ്ക്രിപൻസി വിഭാഗം കൂടെ ചേർന്നതോടെയാണ് ഹിയറിങ് നടപടികളുടെ ഭാഗമാകേണ്ടവരുടെ എണ്ണം 37 ലക്ഷത്തിലേക്ക് ഉയർന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക.
പുതിയ സാഹചര്യത്തിൽ ഹിയറിങ്ങ് നടപടിക്രമങ്ങൾക്കുള്ള സമയവും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതും നീട്ടണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. അതേസയം, വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹതയുണ്ടെന്ന് സിപിഎം ആരോപിച്ചു. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ് കമ്മീഷന്‍റെ വെബ്‌സൈറ്റിലുള്ളത്.
ഇതിൽ കണ്ണൂർ, കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ട് മുതൽ ആറ് ലക്ഷം പുതിയ അപേക്ഷ അപേക്ഷ വന്നതിൽ ദുരൂഹതയുണ്ട് എന്നാണ് സിപിഎം പറയുന്നത്. ഈ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കത്ത് നൽകി.
Adjust Story Font
16

