Quantcast

കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി പുകയുന്നു; പ്രതിഷേധത്തിനൊരുങ്ങി ദീപ്തി അനുകൂലികൾ

പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-12-24 02:25:26.0

Published:

24 Dec 2025 6:33 AM IST

കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി പുകയുന്നു; പ്രതിഷേധത്തിനൊരുങ്ങി ദീപ്തി അനുകൂലികൾ
X

കൊച്ചി: കൊച്ചി മേയർ സ്ഥാനം വി.കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡിസിസി പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനാണ് ദീപ്തി അനുകൂലികളുടെ ആലോചന. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു.

തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങൾ മറികടന്നാണെന്നും രഹസ്യ വോട്ടെടുപ്പ് നടത്തിയെന്നും ദീപ്തി ആരോപിച്ചിരുന്നു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്ന് ദീപ്തിയുടെ പരാതിയിലുണ്ട്.

അതേസമയം കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയ‍ര്‍ പദവി ലഭിക്കാത്തതിനെ തുട‍ര്‍ന്ന് യുഡിഎഫില്‍ പ്രതിഷേധമുയ‍ര്‍ത്തിയ മുസ്‍ലിം ലീഗ് ഭാവി കാര്യങ്ങള്‍ ച‍ര്‍ച്ച ചെയ്യാനായി ജില്ലാ നേതൃയോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്കാണ് യോഗം. പ്രശ്നത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഡെപ്യൂട്ടി മേയ‍ര്‍ പദവിയില്‍ ഒരു ടേം എങ്കിലും അനുവദിക്കാതെ പ്രതിഷേധം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ധാരണ. മൂവാറ്റപുഴ നഗരസഭയിലെ ഉപാധ്യക്ഷ പദവിയും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷൈനി മാത്യു, ദീപ്തി വര്‍ഗീസ് എന്നിവരെ പരിഗണിക്കുന്നുവെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്നും മേയറെ നിശ്ചയിച്ചതില്‍ കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി ദീപ്തി മേരി വര്‍ഗീസ് പരാതിയുമായി കെപിസിസി അധ്യക്ഷനെ സമീപിച്ചു.

കൊച്ചി മേയര്‍ ആരായിരിക്കുമെന്നതിനെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. ഷൈനി മാത്യുവിനായിരുന്നു ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെയും പിന്തുണ. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെയെന്ന നിലപാട് കെപിസിസി സ്വീകരിച്ചതോടെയാണ് എറണാകുളം ഡിസിസി കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ വിഷയത്തില്‍ ധാരണയായത്. വിഷയത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചിരുന്നു.



TAGS :

Next Story