'പൊന്മുണ്ടം പഞ്ചായത്തിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുന്നത് കെപിസിസിയുടെ അറിവോടെ'; വിമർശനവുമായി ലീഗ്
കോൺഗ്രസ് നടത്തിയ പദയാത്രയിൽ ലീഗിനെ വർഗീയവത്കരിച്ചെന്നും ദേശീയ നേതാക്കളെ ചീത്ത വിളിച്ചെന്നും ആക്ഷേപം

മലപ്പുറം: മലപ്പുറം പൊന്മുണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നത് കെപിസിസിയുടേയും ഡിസിസിയുടേയും അനുമതിയോടെയെന്ന് പൊന്മുണ്ടം മുസ്ലിം ലീഗ് നേതൃത്വം. പൊന്മുണ്ടത്തെ കോണ്‍ഗ്രസ് പദയാത്രയില്‍ മുസ് ലിം ലീഗിനെ വര്‍ഗീയമായി ചിത്രീകരിച്ചെന്നും ആരോപണം. ലീഗ് വീണ്ടും ഭരണം തിരികെ പിടിക്കുമെന്നും പൊന്മുണ്ടം പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി കെ.പി മൊയ്തീന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.
'പണ്ടുമുതലേ യുഡിഎഫ് ഇവിടെ ഉണ്ടായിരുന്നില്ല. യുഡിഎഫ് എന്ന സംവിധാനം നല്ല രീതിയില്‍ ഉണ്ടാകണമെന്ന ആഗ്രഹത്തില്‍ അടുത്ത കാലങ്ങളിലായി നിരവധി ചര്‍ച്ചകള്‍ ലീഗ് മുന്‍കൈയ്യെടുത്ത് നടത്തിയിട്ടുണ്ട്. എന്നാല്‍, അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കൊക്കെ പാര വെക്കുന്ന സമീപനമാണ് ഡിസിസി സെക്രട്ടറിയും ബ്ലോക്ക് തലത്തിലുള്ള നേതാക്കളും സ്വീകരിച്ചത്.' മൊയ്തീന്‍കുട്ടി പറഞ്ഞു.
'ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് യുഡിഎഫ് ഞങ്ങളെ ക്ഷണിച്ചിരുന്നു. വളരെ പ്രതീക്ഷയോടെയാണ് യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തത്. എന്നാല്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളൊക്കെ മങ്ങിയ ദിവസമായിരുന്നു അത്. പൊന്മുണ്ടം പഞ്ചായത്തില്‍ യുഡിഎഫിന്റെ സംവിധാനം വേണ്ടതില്ലെന്നാണ് മലപ്പുറം ഡിസിസിയുടെ തീരുമാനം.' അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ കോണ്‍ഗ്രസ് പദയാത്രയില്‍ രൂക്ഷമായ രീതിയിലാണ് മുസ്ലിം ലീഗിനെ വര്‍ഗീയവത്കരിച്ചതെന്നും ലീഗിന്റെ ദേശീയ നേതൃത്വങ്ങളെ പോലും വളരെ മോശമായി ചീത്തവിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് രൂപീകൃതമായതിന് ശേഷം മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ ഒരിക്കലും സൗഹാര്‍ദം ഉണ്ടായിട്ടില്ല. നിലവിലെ ധാരണ പ്രകാരം 18 സീറ്റുകളില്‍ 11 എണ്ണത്തിലും കോണ്‍ഗ്രസ് മത്സരിക്കും. അഞ്ചെണ്ണത്തില്‍ സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബാക്കി രണ്ടെണ്ണം ടീം പൊന്മുണ്ടം ഏറ്റെടുക്കും.
Adjust Story Font
16

