ബിഎല്‍ഒയുടെ ആത്മഹത്യ: ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍
ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂരില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു. ബിഎല്‍ഒയുടെ ആത്മഹത്യയില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.
'എസ്‌ഐആര്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ്. അമിതമായ ജോലിഭാരത്തിലാണ് ബിഎല്‍ഒമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്'. അമിതമായ ജോലിഭാരം ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ധൃതി പിടിച്ചുള്ള എസ്‌ഐആര്‍ നടപ്പാക്കലിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത ബിഎല്‍ഒ എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
'ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും'. കെ.സി മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.
Adjust Story Font
16

