Quantcast

രാഹുൽ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നിൽ; രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും

രാജ്യത്തെ 25 ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ പറഞ്ഞു. മുതിർന്ന നേതാക്കൾക്കൊപ്പം പ്രകടനമായാണ് രാഹുൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഇ.ഡി ഓഫീസിലേക്കെത്തുക.

MediaOne Logo

Web Desk

  • Published:

    12 Jun 2022 6:04 AM GMT

രാഹുൽ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നിൽ; രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാവും. ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നാളെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പാർട്ടിയുടെ ശക്തി തെളിയിക്കുന്ന തരത്തിൽ വൻ പ്രതിഷേധം നടത്താനാണ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

രാജ്യത്തെ 25 ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ പറഞ്ഞു. മുതിർന്ന നേതാക്കൾക്കൊപ്പം പ്രകടനമായാണ് രാഹുൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഇ.ഡി ഓഫീസിലേക്കെത്തുക.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മണിക്കം ടാഗോർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇ.ഡിയേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജൂൺ 23ന് മുമ്പ് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ ജൂൺ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ അന്ന് ഹാജരാകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് വിശദീകരിക്കാൻ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ വാർത്താസമ്മേളനം നടത്തും. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചത്. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് (എജെഎൽ) ആണ് നാഷണൽ ഹെറാൾഡിന്റെ പബ്ലിഷർ. എജെഎല്ലിനെ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിൽ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്.

TAGS :

Next Story