Quantcast

ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്: ചെറിയാൻ ഫിലിപ്പ്‌

''ഉമ്മൻചാണ്ടിയെ ഞാൻ രാഷ്ട്രീയമായി വിമർശിച്ചപ്പോഴും അദ്ദേഹം ഒരിക്കലും എനിക്കെതിരെ പറഞ്ഞിട്ടില്ല''

MediaOne Logo

Web Desk

  • Updated:

    2023-07-18 06:15:34.0

Published:

18 July 2023 6:13 AM GMT

Cherian Philip, Oommen Chandy
X

ചെറിയാന്‍ ഫിലിപ്പ്-ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേരള രാഷ്ട്രീയത്തിലെ ഒരു അത്‌ഭുത മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് ജനങ്ങൾക്ക് പകർന്നു നൽകിയ ഒരു ഊർജ്ജ പ്രസരണിയായിരുന്നു അദ്ദേഹമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം;

മ്മൻ ചാണ്ടി അത്ഭുത മനുഷ്യൻ

കേരള രാഷ്ട്രീയത്തിലെ ഒരു അത്‌ഭുത മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് ജനങ്ങൾക്ക് പകർന്നു നൽകിയ ഒരു ഊർജ്ജ പ്രസരണിയായിരുന്നു. ജനങ്ങൾക്കിടയിൽ അഹോരാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ മനസ്സിനു മുമ്പിൽ വലിപ്പ ചെറുപ്പമുണ്ടായിരുന്നിട്ടില്ല. ദു:ഖങ്ങളും ദുരിതങ്ങളും മനസ്സിലാക്കി ആർക്കും സഹായമെത്തിക്കാനും എന്നും തയ്യാറായിട്ടുള്ള ഉമ്മൻ ചാണ്ടി ഒരു മനുഷ്യ സ്നേഹിയായിരുന്നു.

12 വയസു മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഉമ്മൻ ചാണ്ടി കുടുംബാംഗമായിരുന്നു. എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ. 1970 ൽ മുപ്പതു വർഷത്തോളം ഉമ്മൻ ചാണ്ടിയുടെ എം എൽ എ ഹോസ്റ്റലിലെ മുറിയിലാണ് ഞാൻ ഏറ്റവുമധികം സമയം കഴിഞ്ഞിട്ടുള്ളത്.

ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. ഇതിൽ രണ്ടു പേരും ഒരു പോലെ വേദനിച്ചു. ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി വിമർശിച്ചപ്പോഴും അദ്ദേഹം ഒരിക്കലും എനിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ചെറിയാൻ ഫിലിപ്പിനോട് താനാണ് തെറ്റു ചെയ്തതെന്നാണ് ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞത്. അതൊരു മഹാമനസ്ക്കതയാണ്.

ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റു തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ അദ്ദേഹം എന്നെ വിളിച്ച് കോൺഗ്രസിലേക്ക്മടങ്ങി വരണമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഞാൻ പലപ്പോഴും ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സന്ദർശകനായിരുന്നു. രോഗാവസരങ്ങളിലെല്ലാം വീട്ടിലും ആശുപത്രിയിലും കാണാൻ പോയിരുന്നു. ഭാര്യയും മക്കളുമായും ഊഷ്മള ബന്ധം പുലർത്തിയിരുന്നു. ഇക്കാര്യം ദില്ലിയിലുണ്ടായിരുന്ന എ.കെ.ആന്റണിയുമായി എപ്പോഴും പങ്കുവെച്ചിരുന്നു. ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വരണമെന്ന് ആന്റണിയും ഉമ്മൻ ചാണ്ടിയും ഒരുപോലെ ആഗ്രഹിച്ചിരുന്നു.

ഇന്നലെ രാത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം അറിയാൻ മക്കൾ മറിയക്കുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ന് വെളുപ്പിനെ നടുക്കുന്ന വാർത്ത കേട്ടാണ് ഞ്ഞെട്ടിയുണർന്നത്. അത്യഗാധമായ വേദനയിൽ മനസ്സ് പിടയുന്നു. കണ്ണീർ തുടക്കട്ടെ.

TAGS :

Next Story