Quantcast

സ്വര്‍ണക്കടത്ത് കേസ്, സസ്പെന്‍ഷന്‍, ജയില്‍വാസം... വിവാദങ്ങള്‍ ബാക്കി, ശിവശങ്കര്‍ വിരമിച്ചു

ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡിയുടെ നോട്ടീസും കൈപ്പറ്റിയാണ് ശിവശങ്കർ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    31 Jan 2023 1:43 PM GMT

M Sivasankar Retired
X

എം ശിവശങ്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് സർവീസിൽ നിന്ന് വിരമിച്ചു. കാര്യശേഷിയുള്ള മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത ശിവശങ്കർ, സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിനെ വിവാദങ്ങളിൽ പെട്ടതോടെ മുഖ്യമന്ത്രി കൈവിടുകയായിരുന്നു.

മുഖ്യമന്ത്രിയായി 2016ൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ പ്രധാനപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഉദ്യോഗസ്ഥർ ആയിരുന്നു ശിവശങ്കറും ജേക്കബ് തോമസും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് എത്തിയ ശിവശങ്കർ സർക്കാരിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി. സർക്കാർ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതികളെല്ലാം ശിവശങ്കറിന്റെ തലയിൽ ഉദിച്ചതായിരുന്നു. ഏത് വകുപ്പിലും ഇടപെടാനും നിർദേശങ്ങൾ നൽകാനും അധികാരമുള്ള ഉദ്യോഗസ്ഥനായി ശിവശങ്കർ വളർന്നത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി തന്നെ ആയിരുന്നു.

കേരളത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി തുടരുന്നതിനിടയിലാണ് സ്വർണക്കടത്ത് കേസിന്റെ വരവ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സ്വര്‍ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്പെൻഷൻ. കയ്യിൽ വിലങ്ങുവീണതോടെ മറ്റ് മാർഗങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ തള്ളിപ്പറയേണ്ടി വന്നു.

98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ പുറത്തിറങ്ങിയ ശേഷം എഴുതിയ 'അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകം പുറത്തുവന്നതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വൻ ആരോപണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർത്തി. അനുമതിയില്ലാതെ പുസ്തകമെഴുതിയിട്ടും ശിവശങ്കറിനെതിരെ നടപടി ഉണ്ടായില്ല. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല. സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിലും ശിവശങ്കറിന് ഭേദപ്പെട്ട പരിഗണനയാണ് സർക്കാർ നൽകിയത്.

ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡിയുടെ നോട്ടീസും കൈപ്പറ്റിയാണ് ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. അധികാര സ്ഥാനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത ശിവശങ്കറിന്‍റെ തുടർ നീക്കങ്ങൾ എന്താണെന്നാണ് അറിയാനുള്ളത്. മാധ്യമങ്ങൾക്കെതിരെയുള്ള നിയമ പോരാട്ടം അടക്കം ശിവശങ്കർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.


TAGS :

Next Story