Quantcast

'നമ്മുടെ ആളുകളെ സഹായിച്ചു, പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചടച്ചില്ല'; ബിജെപിയെ വെട്ടിലാക്കി കൗൺസിലറുടെ ആത്മഹത്യാക്കുറിപ്പ്

തിരുമല അനിലിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിരിക്കെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-09-22 07:05:34.0

Published:

22 Sept 2025 9:55 AM IST

Councilor Thirumala Anils suicide note slams BJP
X

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് മീഡിയവണിന്. ബിജെപിയെ വെട്ടിലാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ആരും പണം തിരിച്ചടച്ചില്ല, ‌ഇതാണ് ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- ആത്മഹത്യയിൽ പറയുന്നു.

'നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാതതാമസം ഉണ്ടാക്കി. ഞാനോ ടി സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ'- ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു.

തിരുമല അനിലിന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിരിക്കെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. വലിയശാല ഫാം ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടിക തയാറാക്കും.

പൂജപ്പുര പൊലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൗൺസിലർമാർ, സഹപ്രവർത്തകർ, സൊസൈറ്റിയിലെ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് അനിൽ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

അതിനു ശേഷമായിരിക്കാം അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതെന്നാണ് സൂചന. എന്നാൽ രാജീവ് ചന്ദ്രശേഖറിൽനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നാണ് വിവരം. സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും തന്നോട് സംസാരിച്ചില്ല, കൗൺസിൽ യോഗം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.

അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പരാതിയുയർന്നപ്പോൾ, എത്രയും വേഗം പണം മടക്കിനൽകണമെന്ന് പൊലീസ് അനിലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. പൊലീസ് ഭീഷണി ആരോപിച്ച് തമ്പാനൂർ സ്റ്റേഷനിലേക്ക് ബിജെപി ഇന്ന് പ്രതിഷേധം നടത്തും. എന്നാൽ ഭീഷണി ആരോപണം പൊലീസ് തള്ളി.

സംഭവത്തിൽ സൊസൈറ്റിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസമാണ് തിരുമല വാർഡ് കൗൺസിലറായ അനിലിനെ തന്റെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.




TAGS :

Next Story