പങ്കാളികളെ കൈമാറൽ: ഹോട്ടലിനും റിസോര്‍ട്ടിനും പകരം വീടുകള്‍, പിന്നിൽ വൻ റാക്കറ്റ്- 'കപ്ൾ സ്വാപ്പി'ന്റെ പിന്നാമ്പുറങ്ങൾ
ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്

പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പുകൾ (കപ്ൾസ് സ്വാപ്പിങ്) കേരളത്തിൽ സജീവമാണ് എന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. പല വിദേശരാജ്യങ്ങളിലും രാജ്യത്തെ മഹാനഗരങ്ങളിലും ഉണ്ടെന്ന് കേട്ടുകേൾവിയുള്ള കാര്യങ്ങളാണ് കേരളത്തിലെ ഗ്രാമങ്ങളിലും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ വലിയ റാക്കറ്റ് തന്നെയുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ സ്വകാര്യത ഉറപ്പു നൽകുന്ന ആപ്ലിക്കേഷനുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു.
സ്വന്തം ഭർത്താവിനെതിരെ 26കാരിയായ യുവതിയാണ് കുറുകച്ചാൽ പൊലീസിൽ പരാതി നൽകിയത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും ഏർപ്പെടാൻ നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴു പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഇരുപത്തിയഞ്ചോളം പേർ നിരീക്ഷണത്തിലാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. ഫേസ്ബുക്ക്, ടെലഗ്രാം വഴിയാണ് ഇവർ ബന്ധം സ്ഥാപിക്കുന്നതെന്നും പൊലീസ് പറയുന്നു.
അയ്യായിരത്തിലേറെ പേർ, അതിൽ പ്രമുഖരും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പേരാണ് ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായി ഉള്ളത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഇതിനായുള്ളത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ടെലഗ്രാമിലും ഗ്രൂപ്പുകളുണ്ട്. സ്വകാര്യത കൂടുതലുള്ളതു കൊണ്ട് ടെലഗ്രാമിലാണ് ഇവ സജീവം. മീറ്റ് കപ്ൾസ് കേരള എന്ന ടെലഗ്രാം ഗൂപ്പിലെ അംഗങ്ങളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവർ എന്ന് കരുതപ്പെടുന്നു. പങ്കാളികളെ കൈമാറുന്ന ഏഴു ഗ്രൂപ്പുകളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിലാണ് അയ്യായിരത്തിലേറെ അംഗങ്ങളുള്ളത്.
പരിചയം സ്ഥാപിച്ചു കഴിഞ്ഞാൽ നേരിട്ട് ഇടപാട് ഉറപ്പിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ഒന്നിലേറെ തവണ നേരിൽക്കണ്ട് സംസാരിച്ച ശേഷമാണ് ഒത്തുചേരൽ. ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്.
പരാതി നൽകിയ ഭർത്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തി വരികയാണ്. പല ഗ്രൂപ്പുകളിലും ഇയാൾ അംഗമാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ഫേസ്ബുക്കിൽ ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് യുവതിയുടെ സഹോദരി പറയുന്നത്.
ഓൺലൈൻ വാണിഭം
ഓൺലൈൻ പെൺവാണിഭത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി രഹസ്യ വെബ്‌സൈറ്റുകളുണ്ട്. ഇവിടെ നിന്നാണ് ബന്ധങ്ങൾ വാട്‌സ് ആപ്പിലേക്കും ടെലഗ്രാമിലേക്കും ചുവടുമാറുന്നത്. ഡേറ്റിങ് വെബ്‌സൈറ്റുകളിൽ സജീവമായി പ്രവർത്തിക്കുന്ന വലിയ സംഘം തന്നെ കേരളത്തിൽ സജീവമാണ്. കാൾ ഗേൾ സേവനങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾക്ക് പിന്നിൽ ഇത്തരം പെൺവാണിഭ സംഘങ്ങളാണ്. ആദ്യഘട്ടത്തിൽ വെബ്‌സൈറ്റുകളിൽ ഒതുങ്ങി നിന്നിരുന്ന പ്രവർത്തനമാണ് ഇവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുള്ളത്. വീടുകളിൽ ഒതുങ്ങിക്കഴിയുന്ന സ്ത്രീകൾ പോലും അതിന്റെ ഇരകളായി മാറുന്ന സാഹചര്യമാണുള്ളത്.
ഭീഷണി, ബ്ലാക്‌മെയിലിങ്
മിക്ക സ്ത്രീകളും ചതിക്കപ്പെട്ടാണ് ഈ ഗ്രൂപ്പുകളിലെത്തുന്നത്. പരിചയം സ്ഥാപിച്ചു കഴിഞ്ഞാൽ ഭീഷണിപ്പെടുത്തിയാണ് ഗ്യാങ്ങുകളുടെ പ്രവർത്തനങ്ങൾ. പലരും മാനഹാനി ഭയന്ന് ഇത്തരം കാര്യങ്ങൾ ആരുമായും പങ്കുവയ്ക്കാറില്ല. ഇതും പെൺവാണിഭ സംഘങ്ങൾക്ക് പ്രചോദനമായി മാറുന്നു. ഏറെ കരുതലോടെ മാത്രമേ ഇത്തരം കേസുകളിൽ ഇടപെടാനാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
'ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ഇത്തരം വേഴ്ചകൾക്ക് നിർബന്ധിക്കപ്പെടുന്ന ഭാര്യമാർ ആത്മഹത്യാ പ്രവണത കാണിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റത്തെ സൂക്ഷമതയോടെ മാത്രമേ അന്വേഷണം നടത്താനാകൂ. 90 ശതമാനം സ്ത്രീകളും ഇക്കാര്യത്തോട് യോജിക്കുന്നില്ല. അവരെ നിർബന്ധിക്കുകയാണ്' - ചങ്ങനാശ്ശേരിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Summary: Kerala is shocked to hear that partner swapping groups are active in Kerala. Based on the complaint of the woman from Changanassery, the police conducted an investigation and found that there was a big racket behind this.
Adjust Story Font
16

