പാലത്തായി പീഡനക്കേസ് കെട്ടിച്ചമച്ചതല്ലെന്ന് കോടതി; കൃത്യമായ തെളിവുകളുണ്ട്
കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Photo| Special Arrangement
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണളുമായി കോടതി. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും തലശേരി ജില്ലാ പോക്സോ കോടതി ജഡ്ജി എ.ടി ജലജാറാണി പറഞ്ഞു.
കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗം നടന്നതായി തെളിഞ്ഞതിനാൽ അതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കൊപ്പം പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പരിഗണിച്ചാൽ ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ. രക്ഷിതാവിന്റെ സ്ഥാനത്തുനിൽക്കേണ്ട അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരകൃത്യത്തിന്റെ പശ്ചാത്തലത്തിൽ നിയമത്തിന്റെ ചെറിയ പഴുത് പോലും സൃഷ്ടിച്ച് വിട്ടയയ്ക്കാനാവില്ലെന്ന് ജഡ്ജി എ.ടി ജലജാ റാണി വ്യക്തമാക്കി.
പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന വാദവുമായി കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിക്കുകയായിരുന്നു. പത്മരാജന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ മതതീവ്രവാദ സംഘടനകളാണ് ഉത്തരവാദികളെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് പോക്‌സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു.
രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകൻ നടത്തിയ ക്രൂരതയിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി ഇന്നലെ കണ്ടെത്തിയത്.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐ.ജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായത്. കേസിൽ ഉന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശിക്ഷ വിധിക്കും.
Adjust Story Font
16

