'ഹരജിക്കാരന് ദുരുദ്ദേശ്യം'; മുട്ടിൽ മരംമുറി, മാംഗോ ഫോൺ കേസിൽ വാർത്താ വിലക്ക് ആവശ്യപ്പെട്ട റിപ്പോർട്ടർ ടിവിക്ക് കോടതിയുടെ രൂക്ഷ വിമർശനം
തെറ്റിദ്ധരിപ്പിച്ചതിന് 10,000 രൂപ പിഴയിട്ട കോടതി റിപ്പോർട്ടർ ടിവി ഉടമകൾക്ക് എതിരായ വാർത്തകൾ ഒരാഴ്ചക്കകം പുനഃസ്ഥാപിക്കണമെന്നും ഉത്തരവിട്ടു

കോഴിക്കോട്: മുട്ടിൽ മരംമുറി, മാംഗോ ഫോൺ കേസിൽ വാർത്താവിലക്ക് ആവശ്യപ്പെട്ട റിപ്പോർട്ടർ ടിവി ഉടമകൾക്ക് കോടതിയുടെ രൂക്ഷ വിമർശനം. വാദി കാരണം വ്യക്തമാക്കാതെ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് കോടതി പറഞ്ഞു. താത്കാലിക ഉത്തരവ് വഴി ലഭിക്കാത്ത 'മാൻഡേറ്ററി ഇൻജങ്ഷൻ' (വാർത്തകൾ സ്ഥിരമായി നീക്കം ചെയ്യുക എന്നത്) ലഭിച്ചുവെന്ന് കാട്ടി വാദി പ്രതികൾക്ക് നോട്ടീസ് അയച്ചത് തെറ്റായ നടപടിയാണ്. കേസ് പിൻവലിക്കാൻ വ്യക്തമായ കാരണങ്ങളില്ലാത്തത് വാദിയുടെ ദുരുദ്ദേശ്യത്തെ വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു.
മുട്ടിൽ മരംമുറി, മാംഗോ ഫോൺ കേസുകളിൽ തങ്ങൾക്ക് എതിരായ എല്ലാ വാർത്തകളും വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോർട്ടർ ടിവി ഉടമകൾ കോടതിയെ സമീപിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് 10,000 രൂപ പിഴയിട്ട കോടതി റിപ്പോർട്ടർ ടിവി ഉടമകൾക്ക് എതിരായ വാർത്തകൾ ഒരാഴ്ചക്കകം പുനഃസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ബംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് വിധി. മീഡിയവൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ ഒക്ടോബറിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്. അഗസ്റ്റിൻ സഹോദരൻമാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾ നൽകിയ 900 ലേറെയുള്ള വാർത്താലിങ്കുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആദ്യഘട്ടിൽ എതിർ കക്ഷികളെ കേൾക്കാതെ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ കോടതിയെ തെറ്റദ്ധരിപ്പിക്കുകയാണ് റിപ്പോർട്ടർ ടിവി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾ സത്യവാങ്മൂലം നൽകി.
മുട്ടിൽ കേസിൽ ചാനൽ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കിയ എഫ്‌ഐആർ, നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേസ് എടുത്തതിൽ നൽകിയ മറുപടി അടക്കം വിവിധ കേസുകളുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാൻ അനുമതി തേടി റിപ്പോർട്ടർ ടിവി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയും നിയമനടപടികളെ ദുരുപയോഗം ചെയ്യുകയും ചെയ്ത ഹരജിക്കാരന് പിഴയിടണമെന്ന എതിർ കക്ഷിയുടെ വാദം അംഗീകരിച്ചാണ് 10,000 രൂപ പിഴ ചുമത്തിയത്.
Adjust Story Font
16

