Quantcast

കോവിഡ് വന്നുപോയി, അസ്വസ്ഥതകൾ ബാക്കിയാണോ? ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു

ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും

MediaOne Logo

Web Desk

  • Published:

    9 Feb 2022 10:16 AM GMT

കോവിഡ് വന്നുപോയി, അസ്വസ്ഥതകൾ ബാക്കിയാണോ? ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു
X

തിരുവനന്തപുരം: ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി.യുടെ പ്രവർത്തനം. പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉള്ളവർ ഈ ഒ.പി. സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചിൽ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നൽ, തലവേദന, തലകറക്കം, ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാൽപാദങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം, മാനസിക പ്രശ്നങ്ങൾ എന്നിവ ഉള്ളവർ കൃത്യമായും ഇ സഞ്ജീവനി പോസ്റ്റ് കോവിഡ് ഒ.പി. സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിൽ പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഇ സഞ്ജീവനി പോസ്റ്റ് കോവിഡ് ഒ.പി. വഴിയുള്ള സേവനങ്ങൾ നൽകുന്നത്. പോസ്റ്റ് കോവിഡ് ഒപി തുടങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ആദ്യ ദിവസം തന്നെ നൂറിലധികം പേരാണ് പോസ്റ്റ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഇതുകൂടാതെ കോവിഡ് ഒപിയിൽ രോഗികൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

Covid Affected and cured, and the rest of the disturbances ?; Post Covid OP started in E Sanjeevani

TAGS :

Next Story