'എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു'; രാഹുൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്
'ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണം'

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
'മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാൽ മതി എന്നും അവർ പറഞ്ഞു. എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല'-ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്ന് ശ്രീനാദേവി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.
Adjust Story Font
16

