Quantcast

'സർക്കാരിനെ പിരിച്ചുവിടണമെന്ന് പറഞ്ഞതിൽ കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണം; കെ. സുധാകരനെതിരെ വിമർശനവുമായി സിപിഎം

കെ. സുധാകരൻ സംഘപരിവാരിന് കുഴലൂത്ത് നടത്തുകയാണെന്നും പ്രസ്താവന സംഘപരിവാരുമായുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

MediaOne Logo

Web Desk

  • Updated:

    2022-11-04 14:41:45.0

Published:

4 Nov 2022 2:31 PM GMT

സർക്കാരിനെ പിരിച്ചുവിടണമെന്ന് പറഞ്ഞതിൽ കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണം; കെ. സുധാകരനെതിരെ വിമർശനവുമായി സിപിഎം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചതിനെ പിന്തുണച്ച കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ കടുത്ത വിമർശനവുമായി സിപിഎം. സർക്കാരിനെ പിരിച്ചു വിടണമെന്ന സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആർഎസ്എസിന്റെ ഉള്ളിലിരുപ്പാണ് സുധാകരൻ പങ്കുവെച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. കെ. സുധാകരൻ സംഘപരിവാരിന് കുഴലൂത്ത് നടത്തുകയാണെന്നും പ്രസ്താവന സംഘപരിവാരുമായുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും വിമർശിച്ചു.

രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്നും മുഖ്യമന്ത്രിയും സർക്കാരും തെറ്റ് ചെയ്താൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു കെ സുധാകരൻ പറഞ്ഞിരുന്നത്. യോഗ്യതയില്ലാത്തവരെ വി.സിയായി നിയമിച്ചതടക്കം ഗവർണറുടെ നടപടികളിൽ തെറ്റും ശരിയുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ആർഎസ്എസ് നേതാവിനെ കാണാൻ പോയതിലും മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞതിലും തങ്ങൾ ഗവർണറെ വിമർശിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ ഭാഗത്ത് അതിലേറെ തെറ്റുകളുണ്ടെന്നും സുധാകരൻ പറഞ്ഞു. മെറിറ്റ് നോക്കിയാണ് വിവിധ വിഷയങ്ങളിൽ കോൺഗ്രസ് പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ഗവർണ്ണർ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയിച്ചത്. ഇത് ചട്ടലംഘനം ആണെന്നും ഗവർണർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ പകരം ചുമതല ആർക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവർണർ കത്ത് അയച്ചിരുന്നത്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും അയച്ചിരുന്നു.

കേരളാ പൊലീസിന്റെ നടപടികളിലും അദ്ദേഹം വിമർശനമുന്നയിച്ചു. ജനങ്ങൾക്ക് അല്ലെങ്കിലേ ജീവിക്കാൻ സാധിക്കുന്നില്ലെന്നും അതിനിടയിലാണ് പൊലീസുകാരന്റെ നരനായാട്ടെന്നും കെപിസിസി പ്രസിഡൻറ് കുറ്റപ്പെടുത്തി. പൊലീസുകാർ അനുസരണയുള്ള മൃഗങ്ങളെ പോലെ തരംതാണുവെന്ന് കണ്ണൂരിൽ കുട്ടിയെ മർദിച്ച സംഭവത്തിലെ നടപടി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കുട്ടിയെ മർദ്ദിച്ച സംഭവം സങ്കടകരമാണെന്നും ഇതിനെ കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിച്ചത് മാന്യതയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.

cpm against k sudhakaran for supporting governor Arif Mohammad khan

TAGS :

Next Story