സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ജോർജ് ജോസഫ് ഇടപെട്ടെന്ന ആരോപണം തള്ളി സി.പി.എം
കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് ആക്ഷേപം

പത്തനംത്തിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടെന്ന ആരോപണം തള്ളി സിപിഎം. ജോർജ് ജോസഫ് ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്ന് പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. അലൈൻമെന്റ് വിവാദത്തിൽ കൊടുമൺ പഞ്ചായത്തിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.
ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഓട നിർമ്മാണത്തിൽ മാറ്റം കൊണ്ടു വന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ ശ്രീധരൻ നിർമ്മാണത്തിനെതിരെ രംഗത്തെത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും, പാർട്ടി പരിശോധിക്കുമെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി നേരിട്ടെത്തി അലൈൻമെന്റ് മാറ്റിയെന്ന കോൺഗ്രസ് ആരോപണവും ഉദയഭാനു നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കാൻ എത്തിയത്. കോൺഗ്രസ് ഓഫീസ് അടക്കം പുറമ്പോക്കിൽ ഏതൊക്കെ കെട്ടിടങ്ങൾ ഉണ്ടെന്ന് അളന്നുതിട്ടപ്പെടുത്താൻ കലക്ടറോട് ആവശ്യപ്പെടുമെന്നും ഉദയഭാനു പറഞ്ഞു.
ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് ആക്ഷേപം
Adjust Story Font
16

