Quantcast

'അലനും താഹക്കും തെറ്റുപറ്റി'; പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലപാട് ആവർത്തിച്ച് സി.പി.എം

യു.എ.പി.എ കേസിൽ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കേരളത്തിൽ സ്വീകരിക്കുന്നില്ലെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    11 Jan 2022 10:31 AM GMT

അലനും താഹക്കും തെറ്റുപറ്റി; പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലപാട് ആവർത്തിച്ച് സി.പി.എം
X

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലപാട് ആവർത്തിച്ച് സി.പി.എം. അലനും താഹക്കും തെറ്റുപറ്റിയെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. മാവോയിസ്റ്റ് സ്വാധീനവലയത്തിൽ അവർ പെട്ടുപോയി എന്നത് യാഥാർഥ്യമാണ്. അതിൽ നിന്ന് അവരെ മാറ്റിക്കൊണ്ടുവരികയാണ് വേണ്ടത്. അത് പാർട്ടി അന്വേഷണത്തിൽ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം യു.എ.പി.എ കേസിൽ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കേരളത്തിൽ സ്വീകരിക്കുന്നില്ലെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ ചോദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് പാർട്ടി പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ലെന്ന് പേരാമ്പ്രയിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു.

തീരദേശത്ത് വർഗീയ ശക്തികൾ പിടിമുറുക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും പി. മോഹനൻ പറഞ്ഞു. ഇത്തരം മേഖലകളിൽ സി.പി.എം പ്രത്യേക ശ്രദ്ധ നൽകും. മതനിരപേക്ഷ മനസ്സ് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചായിരുന്നു അലനെയും താഹയേയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പാർട്ടി ജില്ലാ ഘടകം ആദ്യഘട്ടത്തിൽ ഇവർക്കൊപ്പം നിന്നെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ നിലപാട് തിരുത്തുകയായിരുന്നു.

TAGS :

Next Story