തോൽവി പഠിക്കാൻ സിപിഎം വീടുകളിലേക്ക്; ജനുവരി 15 മുതൽ 22 വരെ ഗൃഹ സന്ദർശനം
ഫെബ്രുവരി ഒന്നു മുതൽ മൂന്ന് മേഖലകളാക്കി എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ സിപിഎം വീടുകളിലേക്ക്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും പാർട്ടി നേതൃത്വം സന്ദർശനം നടത്തും. നേതാക്കൾ മുതൽ പ്രവർത്തകർ വരെ ഗൃഹസന്ദർശനത്തിൽ പങ്കെടുക്കും. ജനുവരി 5 മുതൽ 22 വരെയാണ് ഗൃഹസന്ദർശനമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ജനുവരി 12ന് തിരുവനന്തപുരം പാളയം സാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ഫെബ്രുവരി ഒന്നു മുതൽ എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കാനും തീരുമാനമായി. മൂന്ന് മേഖലകളാക്കി തിരിച്ചാണ് ജാഥ. കേന്ദ്രസർക്കാരിനെതിരെയും, മതനിരപേക്ഷത മുദ്രാവാക്യം ഉയർത്തിയുമാണ് ജാഥ. ജനുവരി അഞ്ചിന് 23000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ജനുവരി 15ന് ലോക് ഭവൻ മാർച്ച് സംഘടിപ്പിക്കും. വാർഡുകളിൽ കുടുംബയോഗവും, ലോക്കലിൽ പൊതുയോഗവും നടത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. അറസ്റ്റിലായവർക്ക് സ്വർണക്കൊള്ളയിലെ പങ്ക് എന്താണെന്ന് കൃത്യമായി തിരിച്ചറിയാത്തത് കൊണ്ടാണ് പാർട്ടി നടപടി സ്വീകരിക്കാത്തത്.' നോട്ടക്കുറവ് ഉണ്ടായോ എന്ന് അറിയണം. കുറ്റപത്രം ലഭിച്ചാൽ മാത്രമേ അത് മനസ്സിലാകൂ. അത് വന്നു കഴിഞ്ഞാൽ കൃത്യമായ നിലപാട് സ്വീകരിക്കു'മെന്നും ഗോവിന്ദൻ പറഞ്ഞു. അടിത്തട്ട് മുതൽ മേൽത്തട്ട് വരെ സംഘടനാ ദൗർബല്യമുണ്ടായി. വിജയിക്കുമെന്നതിൽ തനിക്കും അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയെ കൂടെ നിർത്തിയത് തിരിച്ചടിയായില്ലെന്നാണ് വിലയിരുത്തലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16

