'ഫ്രഷ്കട്ട് സംഘർഷം സൃഷ്ടിച്ചത് എസ്ഡിപിഐ തന്നെ': ഗൂഢാലോചന നടന്നെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി
''സമാധാനപരമായി കാര്യങ്ങൾ നേരിട്ട പൊലീസിനെയും സംഘർഷം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന നടപടികൾ ഉണ്ടായി''

കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് Photo-medianenews
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിൽ സംഘർഷം സൃഷ്ടിച്ചത് എസ്ഡിപിഐ എന്ന നിലപാടിൽ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി.
'ബോധപൂർവമായ ഗൂഢാലോചനയാണ് നടന്നത്. എസ്ഡിപിഐ നേരത്തെയും മറ്റ് സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സമാധാനപരമായി കാര്യങ്ങൾ നേരിട്ട പൊലീസിനെയും സംഘർഷം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന നടപടികൾ ഉണ്ടായതായും'- മെഹബൂബ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്ത് എത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാൻ് അക്രമിച്ചില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നുമാണ് സമരസമിതി ചെയർമാനായ ബാബു കുടുക്കി വ്യക്തമാക്കിയത്.
ഫ്രഷ് കട്ടിൻ്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും അദ്ദേഹം തള്ളിയിരുന്നു. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘർഷത്തിൽ പൊലീസിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
പൊലീസ് ന്യായീകരണ തൊഴിലാളികളായി സിപിഎം മാറിയതായി ഡിസിസി അധ്യക്ഷൻ കെ പ്രവീൺകുമാർ പറഞ്ഞു. കട്ടിപ്പാറയിൽ നടന്നത് പൊലീസ് അതിക്രമമാണ്. ഷാഫി പറമ്പിലിനെ അക്രമിച്ച പൊലീസിനെ പോലും ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു .
Watch Video
Adjust Story Font
16

