Quantcast

ലോക്‌സഭ സ്ഥാനാർഥി നിർണയത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ സിപിഎം; പരിഗണന വിജയസാധ്യതക്ക് മാത്രം

പൊന്നാനി മണ്ഡലം രാഷ്ട്രീയ പരീക്ഷണശാലയായി കാണുന്നു എന്നത് വീണ്ടും തെളിയിക്കുന്നതാണ് ഇത്തവണത്തേയും സ്ഥാനാർത്ഥി നിർണയം.

MediaOne Logo

Web Desk

  • Published:

    22 Feb 2024 1:13 AM GMT

CPIM
X

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പ് പോലെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെയാണ് സിപിഎമ്മിന്‍റെ ലോക്സഭ സ്ഥാനാർഥി നിർണയം. വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും വിജയസാധ്യത മാത്രമാണ് നേതൃത്വം പരിഗണിച്ചത്. പൊന്നാനി മണ്ഡലം രാഷ്ട്രീയ പരീക്ഷണശാലയായി കാണുന്നു എന്നത് വീണ്ടും തെളിയിക്കുന്നതാണ് ഇത്തവണത്തേയും സ്ഥാനാര്‍ഥി നിർണയം.

ദേശീയ പാർട്ടി സ്ഥാനം നിലനിർത്തണമെങ്കില്‍ പരമാവധി വോട്ടുകള്‍ പെട്ടിയില്‍ വീഴണം. കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ ഉണ്ടാകരുത്. ഇത് രണ്ടും മുന്നില്‍ കണ്ടാണ് ഇത്തവണത്തെ സിപിഎമ്മിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം. പരീക്ഷണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വേദിയാക്കേണ്ടതില്ലെന്ന കർശന തീരുമാനമാണ് സ്ഥാനാർഥി നിർണയത്തില്‍ പ്രതിഫലിക്കുന്നത്.

എന്നാല്‍ വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും ചെയ്യും. മൂന്ന് വനിതാ സ്ഥാനാർഥികള്‍ വേണമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞെങ്കിലും അത് രണ്ടിലൊതുങ്ങി. അതില്‍ ഒരു പാർട്ടി മുഖം മാത്രം. മറ്റൊന്ന് അപ്രതീക്ഷിതം. എറണാകുളത്തെ കെ.ജെ ഷൈനിന്‍റെ സ്ഥാനാർഥിത്വം വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ്. വനിത,സമുദായം,എന്നീ പരിഗണനകളാണ് ഷൈനിന് അനുകൂലമായത്. കെ.കെ ശൈലജയെ കളത്തിലിറക്കിയത് വടകര തിരിച്ച് പിടിക്കാനുള്ള ലക്ഷ്യത്തോടെ. കെ.കെ ശൈലജയുടെ പൊളിറ്റിക്കല്‍ ഗ്ലാമറിന് ഇപ്പോഴും കുറവുണ്ടായിട്ടില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. കെ മുരളീധരനെതിരെ കട്ടക്ക് കട്ടെ നില്‍ക്കാന്‍ ശൈലജയ്ക്ക് കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്.

പൊന്നാനിയാണ് സ്ഥാനാർഥി നിർണയത്തിലെ അത്ഭുതം.2009ല്‍ ഹുസൈന്‍ രണ്ടത്താണി,2014 വി അബ്ദുറഹ്മാന്‍,2019 ല്‍ പി.വി അന്‍വർ,ഇങ്ങനെ പരീക്ഷണങ്ങള്‍ തുടരുന്നു. ഇത്തവണേയും സമാനമായ രീതിയില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ പരീക്ഷണ ശാല ആകുകയാണ് പൊന്നാനി.ലീഗ് പാളയത്തില്‍ നിന്നും പുറത്ത് പോകേണ്ടി വന്ന കെ.എസ് ഹംസയെ കളത്തിലറക്കി ന്യൂനപക്ഷ വോട്ടുബാങ്കിലേക്ക് കടന്ന് കയറാനുള്ള ചേരുവ ഒരുക്കിയെടുക്കാമെന്ന് സി.പി.എം കരുതുന്നു.

ഇതിലൂടെ ലീഗിന്‍റെ നട്ടെല്ലായ സമസ്തയിലെ കുറേവോട്ടുകളെങ്കിലും പെട്ടിയിലാക്കാമെന്ന് സി.പി.എം കണക്ക് കൂട്ടുന്നു. യുവ പ്രാതിനിധ്യം ചോദ്യം ചെയ്താല്‍ അതിനുള്ള മറുപടിയാണ് വി വസീഫ്. അപ്പോഴും ലീഗിന്‍റെ പൊന്നാപുരം കോട്ടയിലാണോ ഈ പരീക്ഷണം എന്ന ചോദ്യം അവശേഷിക്കുന്നു. നേരത്തെ ഇന്നസെന്‍റിന്‍റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചപ്പോള്‍ സാംസ്കാരിക രംഗത്തെ പ്രാതിനിധ്യമാണ് സി.പി.എം പറഞ്ഞത്. ഇത്തവണ അത് മുകേഷിന്‍റെ പേരില്‍ ചാർത്തുന്നുണ്ട്.

TAGS :

Next Story