മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തെ വർഗീയവത്കരിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ സിപിഎം ശ്രമിക്കുന്നു; റസാഖ് പാലേരി
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി

- Published:
21 Jan 2026 4:10 PM IST

തിരുവനന്തപുരം: കാസർഗോഡ്, മലപ്പുറം ജില്ലകളിലെ മുസ്‌ലിം ജനപ്രതിനിധികളുടെ മതം നോക്കി വർഗീയവിഷം ചീറ്റിയ സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തെ വർഗീയവത്കരിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്താനുള്ള സിപിഎം പദ്ധതിയുടെ ഭാഗമായാണ് സജി ചെറിയാൻ ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുമ്പ് ഭരണഘടനയെ അവഹേളിച്ച് പുറത്തു പോയ ആളാണ് സജി ചെറിയാൻ.
മുസ്‌ലിം സൂഹത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ മാത്രം തിരഞ്ഞു പിടിച്ച് പൈശാചികവത്കരിക്കുന്ന രാഷ്ട്രീയം ഇന്ത്യയിൽ ആരംഭിച്ചത് സംഘ്പരിവാറാണ്. മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സംഘാടനങ്ങളെ വർഗീയമുദ്ര ചാർത്തി അവരെ രാഷ്ട്രീയ - സാമൂഹിക ഭൂമികയിൽ നിന്ന് അദൃശ്യമാക്കുവാനാണ് സംഘ്പരിവാർ ശ്രമിച്ചത്. ഈ രീതിയാണ് കേരളത്തിലെ സിപിഎം ക ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
വേഷം കണ്ടാൽ സമരക്കാരെ തിരിച്ചറിയാമെന്ന് പറഞ്ഞു മുസ്‌ലിംകളെ അപമാനിക്കാൻ പൗരത്വ പ്രക്ഷോഭ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപത്തിൻ്റെ മലയാള പരാവർത്തനമാണ് സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയത്. ജനപ്രതിനിധികളുടെ മതം നോക്കി മുസ്‌ലിമാണെങ്കിൽ വർഗീയതയുണ്ടെന്ന തീർപ്പിലാണ് അദ്ദേഹം സംസാരിക്കുന്നത്. മറ്റൊരു സാമൂഹിക വിഭാഗത്തിനും നേരിടേണ്ടതില്ലാത്ത മതേതര ടെസ്റ്റിന് മുസ്‌ലിം സമൂഹത്തെ വിധേയമാക്കാൻ സിപിഎം കുറച്ചുനാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമത്തിന്റെ ഭാഗമായി വേണം സജി ചെറിയാന്റെ പ്രസ്താവനയെ നോക്കി കാണാൻ.
പൊതുവിടങ്ങളിലെ മുസ്‌ലിമിന്റെ സാന്നിധ്യവും ദൃശ്യതയും മതേതരത്വത്തിന് കളങ്കമേൽപ്പിക്കുമെന്ന ഇസ്‌ലാഫോബിക് യുക്തിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സംഘ്പരിവാർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സിപിഎം ഈ പ്രചാരണം നടത്തുന്നതെന്ന് കേരളം ശ്രദ്ധിക്കണം.
എ. കെ ബാലനും സജി ചെറിയാനും സിപിഎമ്മിന്റെ ഉയർന്ന നേതാക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന യുവനേതാക്കളടക്കം ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ശൈലിയും സ്വീകരിക്കുന്ന രാഷ്ട്രീയ ലൈനും വളരെ വ്യക്തമാണ്. മുസ്‌ലിങ്ങൾക്കെതിരായ ഭീതി പരത്തി ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് സമാഹരിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നാടിനെ നശിപ്പിക്കുന്ന ഈ സമീപനം സിപിഎം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിച്ച അമീർ - ഹസൻ - കുഞ്ഞാലികുട്ടി ലൈനിന്റെ തുടർച്ചയാണിത്.
വർഗീയ രാഷ്ട്രീയത്തിലൂടെ തുടർഭരണം ഉറപ്പിക്കാം എന്നാണ് സിപിഎം കരുതുന്നു. മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തി ബിജെപി-യുമായി നീക്കുപോക്കുകൾ ഉണ്ടാക്കാനുള്ള സാധ്യതയും തെളിഞ്ഞു വന്നിട്ടുണ്ട്. ബിജെപി നേതാവായ ടി.പി സെൻകുമാർ പരസ്യമായി തന്നെ ഈ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സംഘ്പരിവാറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഈ ആശയം മുൻനിർത്തിയുള്ള പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കേരളം കാത്തുസൂക്ഷിച്ചു പോകുന്ന സാമൂഹിക സൗഹാർദ്ദത്തെ തകർത്ത് ഭരണം പിടിക്കാനുള്ള സി പി എം - ബി ജെ പി ശ്രമത്തെ മതനിരപേക്ഷ കേരളം പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16
