Quantcast

'നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തിൽ പങ്കെടുക്കാൻ എന്നാണ് പറയേണ്ടത്. അതു പറയുന്നില്ല'; സിൽവർ ലൈനിൽ എം സ്വരാജ്

"മാധ്യമങ്ങൾ ഇപ്പോൾ ഇത്ര വേഗത്തിൽ എവിടെപ്പോകുന്നു എന്നു ചോദിക്കുന്നു."

MediaOne Logo

Web Desk

  • Published:

    15 Jun 2022 6:27 AM GMT

നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തിൽ പങ്കെടുക്കാൻ എന്നാണ് പറയേണ്ടത്. അതു പറയുന്നില്ല; സിൽവർ ലൈനിൽ എം സ്വരാജ്
X

മലപ്പുറം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. 'ഇത്ര വേഗത്തിൽ എങ്ങോട്ടു പോകുന്നു എന്ന ചോദ്യത്തിന്, അപ്പൂപ്പന്റെ അടിയന്തരത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നാണ് ഉത്തരം നൽകേണ്ടത് എന്നും എന്നാൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അങ്ങനെ പറയുന്നില്ലെന്നും' സ്വരാജ് പറഞ്ഞു. മലപ്പുറം പുത്തനത്താണിയിൽ നടക്കുന്ന ഇ എം എസിന്റെ ലോകം സെമിനാറിന്റെ ഭാഗമായി 'മാധ്യമരംഗം-ആശയ സാംസ്‌കാരിക സമരങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.

'അതിവേഗ തീവണ്ടിപ്പാതയുടെ ആലോചന ആരംഭിച്ചത് ഈ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്തല്ല. അത് 2012ലാണ്. അന്ന് യുഡിഎഫ് ഗവൺമെന്റാണ്. ഉമ്മൻചാണ്ടിയാണ്. അന്ന് അതിവേഗ പാതയാണ്. അർധ അതിവേഗമല്ല. ആ അതിവേഗ പാതാ പദ്ധതി മുമ്പോട്ടുവയ്ക്കുമ്പോൾ അതിന്റെ പ്രചാരകരായിരുന്നു മനോരമയും മാതൃഭൂമിയും. അതേ മാധ്യമങ്ങൾ ഇപ്പോൾ ഇത്ര വേഗത്തിൽ എവിടെപ്പോകുന്നു എന്നു ചോദിക്കുന്നു. നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തിൽ പങ്കെടുക്കാൻ എന്നാണ് പറയേണ്ടത്. പക്ഷേ, ഇതൊരു സെമിനാറായതു കൊണ്ടും ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതു കൊണ്ടും അങ്ങനെ പറയാനേ പാടില്ല.' - സ്വരാജ് പറഞ്ഞു.

വികസന പദ്ധതികൾ എൽഡിഎഫ് കൊണ്ടു വരേണ്ട എന്നാണ് മാധ്യമങ്ങൾ ശഠിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഇതാണ് കേരളത്തിലെ മാധ്യമങ്ങൾ മുമ്പോട്ടുവയ്ക്കുന്ന രീതി. മലയാളിയുടെ ജീവിതത്തിന്റെ ഗതിയെ നിർണയിക്കുന്ന ഇത്തരത്തിലുള്ള വലിയ പദ്ധതികൾക്ക് മനോരമയും മാതൃഭൂമിയും എതിരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോ. അല്ല, എതിരല്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് അവർ നിലപാട് പറഞ്ഞതാണ്. കേരളം വികസിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്, പക്ഷേ, സിൽവർ ലൈൻ പ്രൊജക്ട് വേണം, അതു ഞങ്ങളുടെ ഉമ്മൻചാണ്ടി കൊണ്ടുവന്നാൽ മതി, നിങ്ങളുടെ പിണറായി കൊണ്ടുവരേണ്ട. അത്രയേ ഉള്ളൂ.' - അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രാനുമതി നിർബന്ധം

അതിനിടെ, സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ കഴിഞ്ഞ ദിവസം നടന്ന നവകേരള ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അവർ മടിച്ച് നിൽക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'പശ്ചാത്തല സൗകര്യത്തിന് നാടിൻറെ താൽപര്യം ഹനിക്കാത്ത വിധം മൂലധനം ആകർഷിക്കും. ഐ.ടി പാർക്കുകളെ പിന്തുണക്കും. സഹകരണ മേഖലയെയും ടൂറിസത്തിൽ കൊണ്ടുവരണം. അർഹമായ നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കണം. ഉൽപാദന മേഖലയിൽ മൂലധന നിക്ഷേപത്തിന് കടമെടുക്കൽ തെറ്റല്ല. അത്തരം മേഖലയിൽ നിക്ഷേപിക്കാൻ വായ്പയടക്കം ആശ്രയിക്കും. നാടിൻറെ താൽപര്യം ഹനിക്കാത്ത വിദേശ വായ്പകളേ എടുക്കൂ.' - അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story