അയിഷ പോറ്റി വർഗവഞ്ചക തന്നെയെന്ന് തോമസ് ഐസക്; സരിന്റെ കാര്യമോർക്കണമെന്ന് മറുപടി
'അയിഷ പോറ്റിയുടെ പാർട്ടി മാറ്റം അത്യന്തം ദൗർഭാഗ്യകരമാണ്'.

കൊച്ചി: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അയിഷ പോറ്റി വർഗവഞ്ചക തന്നെയെന്ന് സിപിഎം നേതാവ് തോമസ് ഐസക്. സിപിഎം ആണ് ശരി. സിപിഎമ്മിലേക്ക് വരുന്നവർ ശരിയായ പാതയിലും വിട്ടുപോകുന്നവർ തെറ്റായ വഴിയിലുമാണെന്നും തോമസ് ഐസക് പറഞ്ഞു. അയിഷ പോറ്റിക്ക് പാർട്ടിയിൽ അവഗണനയുണ്ടായില്ലെന്നും തോമസ് ഐസക്.
അയിഷ പോറ്റിയുടെ പാർട്ടി മാറ്റം അത്യന്തം ദൗർഭാഗ്യകരമാണ്. ഏതൊരാൾ പാർട്ടി വിട്ട് പോവുമ്പോഴും നഷ്ടബോധമുണ്ട്. എന്തിന്റെ ന്യായത്തിലാണ് കോൺഗ്രസിൽ ചേരുന്നതെന്നും തോമസ് ഐസക് ചോദിച്ചു. ഇത്ര കാലം എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമൊക്കെ ആയിരുന്നിട്ടും ഒരു തവണ മത്സരസ്ഥാനത്തു നിന്നും മാറ്റിനിർത്തിയെന്ന പേരിൽ കോൺഗ്രസിലേക്ക് പോകുന്നത് ഒന്നുകിൽ അവസരവാദമോ അധികാരം കണ്ട് ഭ്രാന്ത് പിടിച്ചതോ ആണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിനിർത്തുന്നതാണോ അവഗണനയെന്നും തോമസ് ഐസക്. എൽഡിഎഫ് വിടില്ലെന്ന് ജോസ്. കെ മാണിയും റോഷി അഗസ്റ്റിനും പറഞ്ഞിട്ടുണ്ട്. എസ്. രാജേന്ദ്രൻ ബിജെപിയിൽ പോയിട്ടില്ല. പക്ഷേ പത്രവാർത്തകൾ കാണുന്നു. അങ്ങനെ ചില അപചയങ്ങളുണ്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
അതേസമയം, തന്നെ വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റു പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റെയും ശോഭനാ ജോർജിന്റേയും കാര്യമോർക്കണമെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കേരള പ്രദേശ് ഗാന്ധിദർശൻ പരിപാടിയിൽ അയിഷാ പോറ്റി പറഞ്ഞു.
Adjust Story Font
16

