Quantcast

പേരാവൂരിൽ കെ.കെ ശൈലജയെ രംഗത്തിറക്കാൻ സിപിഎം ആലോചന

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് കടുത്ത വെല്ലുവിളി തീർക്കാനാണ് സിപിഎം നീക്കം

MediaOne Logo

Web Desk

  • Updated:

    2026-01-17 04:11:12.0

Published:

17 Jan 2026 8:36 AM IST

പേരാവൂരിൽ കെ.കെ ശൈലജയെ രംഗത്തിറക്കാൻ സിപിഎം ആലോചന
X

കോഴിക്കോട്: മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ പേരാവൂരിൽ മത്സരത്തിനിറക്കാൻ സി പി എമ്മിൽ ആലോചന. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് കടുത്ത വെല്ലുവിളി തീർക്കാനാണ് സിപിഎം നീക്കം. എന്നാൽ സിറ്റിങ് സീറ്റ് വിട്ട് സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ശൈലജ.

പേരാവൂരിൽ വീണ്ടും മത്സരിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.കെ. ശൈലജയെ സ്ഥാനാർഥിയാക്കാൻ സിപിഎം ആലോചന തുടങ്ങിയിരിക്കുന്നത്.

രണ്ട് ടേം വ്യവസ്ഥ മാറ്റി വെച്ച് ശൈലജയെ പേരാവൂരിൽ മൂന്നാം അങ്കത്തിന് ഇറക്കാനാണ് നീക്കം. ഇതിലൂടെ 2011ൽ പേരാവൂരിൽ സണ്ണിയിൽ നിന്നേറ്റ പരാജയത്തിന് തിരിച്ചടി നൽകാൻ ശൈലജയുടെ വർധിച്ച ജനപ്രീതി കൊണ്ട് സാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ യുവ നേതാവായ സക്കീർ ഹുസൈനെ രംഗത്തിറക്കിയപ്പോൾ മൂവായിരത്തിൽ താഴെ വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമായിരുന്നു സണ്ണി ജോസഫിന് ലഭിച്ചത്. ശൈലജ സ്ഥാനാർഥി ആയി വരുന്നതോടെ മണ്ഡലത്തിൻ്റെ ചിത്രം മാറുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

നിയമസഭാ തെരഞ്ഞെടുപ്പിലെ ആറാം പോരാട്ടത്തിൽ സണ്ണി ജോസഫിനെ അട്ടിമറിക്കാൻ ശൈലജക്ക് സാധിച്ചാൽ അത് ജില്ലയിൽ എൽഡിഎഫിന് നേട്ടമാകും. എന്നാൽ സ്വന്തം തട്ടകമായ മട്ടന്നൂർ വിട്ടുപോകാൻ ശൈലജക്ക് താൽപര്യമില്ലെന്നാണ് വിവരം. മട്ടന്നൂർ ഇല്ലെങ്കിൽ മത്സരത്തിന് ഇല്ലെന്ന നിലപാട് ശൈലജ അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്. 1996 ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ആയിരുന്നു ശൈലജയുടെ കന്നി അങ്കം. 10 വർഷം കഴിഞ്ഞ് പേരാവൂരിൽ എത്തിയ ശൈലജ സിറ്റിങ് എംഎൽഎ എ.ഡി. മുസ്തഫയെ പരാജയപ്പെടുത്തി.

2011ൽ പേരാവൂരിലെ പരാജയത്തിന് ശേഷം 2016 ൽ കൂത്തുപറമ്പിൽ എത്തി ശൈലജ സിറ്റിങ് എം എൽ എ യും മന്ത്രിയുമായ കെ.പി മോഹനനെ പരാജപ്പെടുത്തി. ആര്‍ജെഡി എൽഡിഎഫിൽ തിരിച്ചെത്തിയതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശൈലജ മട്ടന്നൂരിൽ മത്സരിച്ചത്.

TAGS :

Next Story