ശബരിമല സ്വര്‍ണക്കൊള്ള; എ.പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം ചോദിച്ച് തപാല്‍ വഴി നോട്ടീസ് അയച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ദേവസ്വം മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം ചോദിച്ച് തപാല്‍ വഴി നോട്ടീസ് അയച്ചു.
ഈയിടെയാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. 2025 നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ കട്ടിളപാളി കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിന് ദ്വാരപാലക ശില്പ കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ കേസിൽ ഫെബ്രുവരി 20ന് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരകാല ശില്പ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്.
കർശന ഉപാധികളോടെയാണ് പത്മകുമാറിന്‍റെയും ജാമ്യം. 2019ൽ പത്മകുമാർ ദേവസ്വം പ്രസിഡന്‍റായിരുന്ന സമയത്ത് സ്വർണക്കൊള്ള നടന്നുവെന്നാണ് എസ്ഐടി കണ്ടെത്തൽ. കേസെടുത്തത് അല്ലാതെ പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെയും ആയിട്ടില്ല.
Adjust Story Font
16

