'മറക്കണോ? പഴയതൊക്കെ ഞാൻ മറക്കണോ?'; 'ഗോഡ്ഫാദർ' സിനിമയിലെ രംഗം പങ്കുവെച്ച് സി.ആർ മഹേഷ്
മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് കോൺഗ്രസിനകത്ത് തന്നെ വിമർശനം ഉയരുന്നതിനിടെയാണ് സി.ആർ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മാസപ്പടി കേസിലെ സർക്കാർ നിലപാട് വിവാദമാകുന്നതിനിടെ 'ഗോഡ്ഫാദർ' സിനിമയിൽ എൻ.എൻ പിള്ളയുടെ 'അഞ്ഞൂറാൻ' എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഫേസ്ബുക്കിൽ പങ്കുവെച്ച് സി.ആർ മഹേഷ് എംഎൽഎ. ''പഴയതെല്ലാം മറന്നുകൂടെ?'' എന്ന് കൊല്ലം തുളസിയുടെ കഥാപാത്രം ചോദിക്കുമ്പോൾ ''മറക്കണോ? പഴയതെല്ലാം ഞാൻ മറക്കണോ? എന്തൊക്കെയാടോ മറക്കേണ്ടത്?'' എന്ന് ചോദിക്കുന്ന രംഗമാണ് സി.ആർ മഹേഷ് പങ്കുവെച്ചത്.
മാസപ്പടി ആരോപണത്തിൽ ഇഡി, എസ്എഫ്ഐഒ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകൾക്ക് പിന്നാലെ, വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ എഫ്ഐആർ ഇടാൻ തക്ക തെളിവുകൾ നിലവിലില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമേ ആവശ്യമുള്ളൂവെന്നുമുള്ള സർക്കാർ നിലപാട് ആണ് വിവാദമായത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ ഉൾപ്പെട്ട കേസിൽ സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. മാസപ്പടി കേസിൽ ശക്തമായ നിലപാട് സ്വീകരിച്ച മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പാർട്ടി നിലപാട് അംഗീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി വക്താവ് ജിന്റോ ജോണും പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.
എൽഡിഎഫ് സർക്കാർ ഉമ്മൻ ചാണ്ടി, വി.കെ ഇബ്രാഹീം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ എടുത്ത സമീപനം മറന്നുപോകരുത് എന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. യുഡിഎഫ് അനുകൂല സൈബർ പേജുകളിലും സമാനമായ അഭിപ്രായമാണ് ഉയരുന്നത്. അതേസമയം കേസെടുക്കുമ്പോൾ നിയമവശങ്ങൾ പൂർണമായി പരിശോധിച്ച ശേഷമാണ് നലപാട് സ്വീകരിക്കുന്നത് എന്നാണ് സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
Adjust Story Font
16

