Quantcast

'വർഗീയ പ്രചാരകനെതിരെ നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്?' വിമര്‍ശനവുമായി ഇടത് അനുകൂലികള്‍

പാലാ ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നാണ് മന്ത്രി വാസവന്‍ പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    18 Sep 2021 6:47 AM GMT

വർഗീയ പ്രചാരകനെതിരെ നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്? വിമര്‍ശനവുമായി ഇടത് അനുകൂലികള്‍
X

വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീർത്തിച്ച മന്ത്രി വി എൻ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇടത് സഹയാത്രികര്‍ ഉള്‍പ്പെടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പാലാ ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നുമാണ് മന്ത്രി പറഞ്ഞത്.

ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നിരീക്ഷകനായി എത്താറുള്ള പ്രേംകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ- "പാലാ ബിഷപ്പ്‌ പണ്ഡിതനാണോ കുണ്ഠിതനാണോ എന്നതല്ലല്ലോ കാര്യം. പറഞ്ഞത് വിഷമാണോ വീഞ്ഞാണോ എന്നതല്ലേ? ഒരു സമൂഹത്തിലാകെ വിദ്വേഷം പടർത്തിയെന്നതല്ലേ? ഇമ്മാതിരി വിഷങ്ങൾക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുത്ത് സഹകരിപ്പിക്കലല്ലല്ലോ സഹകരണ മന്ത്രിയുടെ ജോലി. വാസവൻ മന്ത്രിയെ തിരുത്തിയേ മതിയാവൂ".

പാലാ ബിഷപ്പ്‌ പണ്ഡിതനാണോ കുണ്ഠിതനാണോ എന്നതല്ലല്ലോ കാര്യം.

പറഞ്ഞത് വിഷമാണോ വീഞ്ഞാണോ എന്നതല്ലേ?

ഒരു സമൂഹത്തിലാകെ...

Posted by Prem Kumar on Friday, September 17, 2021

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രമോദ് പുഴങ്കരയുടെ വിമര്‍ശനമിങ്ങനെ- "ജോസഫ് കല്ലറങ്ങാട്ടിൽ എന്നൊരു ക്രിസ്ത്യൻ വർഗീയവാദി-അയാൾ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്- നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ മുസ്‍ലിംകള്‍ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടത്തുന്നു എന്ന കൊടിയ വർഗീയവിഷം പുരട്ടിയ ആരോപണം ഉന്നയിക്കുന്നു. ഇതാകട്ടെ ഒറ്റതിരിഞ്ഞ ഒന്നല്ല, ലവ് ജിഹാദും താമരശ്ശേരി രൂപത കുട്ടികൾക്കായി തയ്യാറാക്കിയ മുസ്‍ലിംകളോടുള്ള വെറുപ്പ് പടർത്തുന്ന മതപാഠപുസ്തകവും അടക്കം കേരളത്തിലെ ക്രിസ്ത്യാനി സഭകൾ നടത്തുന്ന പച്ചയ്ക്കുള്ള വർഗീയ പ്രചാരണത്തിന്റെ ഭാഗമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ കീഴിൽ ഇത്തിരി സ്ഥലം ഭിക്ഷ ചോദിച്ചു കഴിയുകയാണ് ക്രിസ്ത്യൻ സഭകൾ.

സ്വാഭാവികമായും ഈയൊരു അന്തരീക്ഷത്തിൽ ഒരു ജനാധിപത്യ, മതേതര സമൂഹം പ്രതീക്ഷിക്കുക ഭരണത്തിലും പ്രതിപക്ഷത്തുമുള്ള മതേതര രാഷ്ട്രീയ കക്ഷികൾ ഒന്നാകെ പാലാ ബിഷപ്പായ ആ വർഗീയവാദിയെ അപലപിക്കുകയും എതിർക്കുകയും ചെയ്യും എന്നാണ്. എന്നാൽ നമ്മളെന്താണ് കാണുന്നത്, കോൺഗ്രസ് അധ്യക്ഷൻ സുധാകരൻ, സിപിഎം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ ബിഷപ്പിനെ സന്ദർശിച്ചു മടങ്ങുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം ചർച്ചയെ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ്പ് വർഗീയത ഉദ്ദേശിച്ചില്ലെന്നു മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്. വക്കും തെറ്റും പൊട്ടാത്ത അവസരവാദവും വർഗീയ പ്രീണനവുമല്ലാതെ മറ്റൊന്നുമല്ല ഇത്. കേരളത്തിൽ ക്രിസ്ത്യൻ വർഗീയതയും നസ്രാണി സഭകളും പോലെ കക്ഷി രാഷ്ട്രീയ, മുന്നണി ഭേദമില്ലാതെ ഇത്രയേറെ ആനുകൂല്യങ്ങൾ നേടുകയും അനുഭവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗമില്ല. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. എന്നാൽ ജോസഫ് കല്ലറങ്ങാട്ടന്‍റെ അരമന നിരങ്ങാൻ പോകുന്ന രാഷ്ട്രീയ നേതൃത്വം മലയാളിയെ നിലയില്ലാത്ത വർഗീയക്കയത്തിലേക്കാണ് തള്ളിയിടുന്നത്. ഇത്ര പരസ്യവും വ്യക്തവുമായി സാമുദായിക വെറുപ്പ് പ്രചരിപ്പിക്കുന്നവർക്ക് അതിനു തൊട്ടുപിന്നാലെ അങ്ങോട്ട് ചെന്ന് നൽകുന്ന ഈ ആദരവ് കണ്ടാൽ മതേതര മലയാളിക്ക് പ്രതീക്ഷയ്ക്കിനി എന്താണുള്ളത് എന്ന് ന്യായമായും തോന്നാം.

സംഘപരിവാർ സംരക്ഷണവും പിന്തുണയും നൽകുന്ന, അത് താണുവണങ്ങി സ്വീകരിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയക്കാർ ഒപ്പം നിന്ന് പൊലിപ്പിക്കുന്ന ഒരു വർഗ്ഗീയക്കോമരത്തിന്റെയും സഭയുടെയും റബർ തോട്ടങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്ന ഈ രാഷ്ട്രീയനേതൃത്വം മലയാളിയുടെ സാമാന്യ മതേതര ബോധത്തിന്റെ ഒരംശത്തെപ്പോലും പ്രതിനിധീകരിക്കുന്നില്ല. മതവർഗീയതയുടെ ബോധം എത്ര ആഴത്തിലിറങ്ങാമെന്ന് ശബരിമല ലഹളക്കാലത്ത് നാം കണ്ടതാണ്. നാമജപത്തെറിഘോഷയാത്രകളിൽ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യർ കേരളത്തിന്റെ ചരിത്രത്തിനു നേരെ നേർക്കുനേർ നിന്നാണ് കൊഞ്ഞനം കുത്തിയത്. അതിന്റെ എല്ലാ രാഷ്ട്രീയാഘാതങ്ങളേയും തടയാൻ മുഷ്ടിചുരുട്ടി മുന്നിൽ നിന്ന മലയാളിയുടെ രാഷ്ട്രീയ ബോധത്തെയാണ് ഇപ്പോൾ ബിഷപ്പിന്റെ അറിവിനെ പ്രണമിക്കാൻ പോയ വാസവനും ആ പോക്കിന് അനുമതി നൽകിയ അയാളുടെ പാർടിയും ചെയ്തത്. മുസ്‍ലിംകൾക്കെതിരെ മതപാഠപുസ്തകത്തിൽ സാമുദായിക ഭിന്നതയുണ്ടാക്കുന്ന പാഠങ്ങൾ ചേർത്തുവെച്ച താമരശ്ശേരി രൂപതയ്ക്കും നാർക്കോട്ടിക് ജിഹാദ് എന്ന വർഗീയ ഭിന്നതയുടെയും വെറുപ്പിന്റെയും കളവ് പ്രചരിപ്പിക്കുന്ന ജോസഫ് കല്ലറങ്ങാട്ടിൽ എന്ന കൃസ്ത്യൻ വർഗീയതയുടെ പ്രചാരകനായ പാതിരിക്കെതിരെയും നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ്, എന്ത് നിയമവാഴ്ചയെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്?

വർഗീയതയുമായി ചർച്ചകളോ അനുരഞ്ജന ശ്രമങ്ങളോ സാധ്യമല്ല. അതിനെ എതിർത്തു തോൽപ്പിക്കൽ മാത്രമാണ് മതേതര രാഷ്ട്രീയത്തിന്റെ മുന്നിലുള്ള വഴി. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വർഗീയതയുമായുള്ള സമരത്തിൽ മലയാളിയെ തോല്പിക്കുകയാണ്. തോറ്റുപോയാൽ കേരളം നൽകേണ്ടി വരുന്ന വില അതിഭീകരമായിരിക്കും".

ജോസഫ് കല്ലറങ്ങാട്ടിൽ എന്നൊരു കൃസ്ത്യൻ വർഗീയവാദി-അയാൾ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്- നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ...

Posted by Pramod Puzhankara on Friday, September 17, 2021

'പാലാ ബിഷപ്പ്‌ വെറും ഒരു വർഗീയവാദിയാണ്. മതസ്പർദ്ധ ഉണ്ടാക്കുന്നതെങ്ങനെ എന്ന വിഷയത്തിലാണു അദ്ദേഹത്തിന്റെ പാണ്ഡിത്യം' എന്നാണ് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസിന്‍റെ അഭിപ്രായം.

പാലാ ബിഷപ്പ്‌ വെറും ഒരു വർഗീയവാദിയാണ്

മതസ്പർദ്ദ ഉണ്ടാക്കുന്നതെങ്ങനെ എന്ന വിഷയത്തിലാണു അദ്ദേഹത്തിന്റെ പാണ്ഡിത്യം

(ഇതാണു...

Posted by Sunitha Devadas on Friday, September 17, 2021

മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍റെ പ്രതികരണമിങ്ങനെ- "പച്ചമരത്തിന് തീപ്പിടിക്കുന്ന വർഗീയതയാണ് അപ്പത്തിനും വീഞ്ഞിനും പകരം അൾത്താരയിൽ നിന്ന് പാലാ ബിഷപ്പ് വിളമ്പിയത്. ലവ് ജിഹാദിനു പിന്നാലെ അമുസ്‍ലിംകളെ, വിശിഷ്യാ ക്രിസ്ത്യാനികളെ നശിപ്പിക്കാൻ നാർക്കോട്ടിക് ജിഹാദും ആരംഭിച്ചിരിക്കുന്നു എന്നാണ് പാലാ മെത്രാൻ പറഞ്ഞത്. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിനേക്കാൾ ഭീകരമാണ് പ്ലസ് വണ്ണിനും പ്ലസ് ടൂവിനും പഠിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി താമരശ്ശേരി അതിരൂപത പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ പച്ചയായ വർഗീയത. ഇസ്‍ലാം മത പുരോഹിതർ ക്രിസ്ത്യാനി പ്പെൺകുട്ടികളെ മയക്കാൻ കൈവിഷവും ആഭിചാരക്രിയകളും ചെയ്യുന്നു എന്ന് വിശ്വസിക്കുകയും അജഗണത്തെ പഠിപ്പിക്കുകയുമാണ് താമരശ്ശേരി അതിരൂപത. അതുകൊണ്ട്.. കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കുഴപ്പം പത്തുവട്ടം പാലാ - കോട്ടയം ഓടിയാൽ തീരുന്നതല്ല. മെത്രാന്റെ ആ സംത്രാസം അഗീകരിച്ച് ആശ്വസിപ്പിക്കാനാണോ മന്ത്രി വി എൻ വാസവൻ പാലായ്ക്ക് വച്ചു പിടിച്ചത്. എങ്കിൽ താമരശ്ശേരി രൂപതയുടെ ആശങ്കയോട് ഐക്യപ്പെട്ട് കൈമുത്താൻ ഒരാളെ കോഴിക്കോട്ടേക്ക് കൂടി അയക്കണം.

(നിങ്ങളാരും ചെല്ലാത്തതു കൊണ്ട് ഇഞ്ചനാനി പിതാവ് ഇന്ന് കൈപ്പുസ്തകം പിൻവലിച്ച് ഖേദിച്ചിട്ടുണ്ട്)

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകർക്കാൻ ബിജെപി നന്നായി പരിശ്രമിച്ചു എന്നു വരെ തിരിച്ചറിയാൻ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറ്റിയിട്ടുണ്ട്. പക്ഷേ വിജയിച്ചിട്ടില്ല എന്നത് തെറ്റിദ്ധാരണയാണ്. മെത്രാന്റെ പ്രസംഗവും വി എൻ വാസവന്റെ അരമന സന്ദർശനവും എ വിജയരാഘവന്റെ വാർത്താ സമ്മളനവും എന്തിനേറെ ഞാനീ എഴുതുന്ന ഫേസ്ബുക്ക് പോസ്റ്റു പോലും സംഘപരിവാർ പ്രൊപഗാൻഡയുടെ വിജയമാണ്.

വിഷയം വഷളാക്കണം എന്നു തന്നെയാണ്, വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടണം എന്നു തന്നെയാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലായിരുന്നെന്നാണ് എ വിജയരാഘവൻ പറഞ്ഞത്. എങ്കിൽ അത് പാലാ ബിഷപ്പ് പറയട്ടെ, അതേക്കുറിച്ച് അദ്ദേഹം പിന്നീട് പൊതു സമൂഹത്തോടോ സഭാമക്കളോടെങ്കിലുമോ എന്തെങ്കിലും പറഞ്ഞോ ?! ബിഷപ്പിനു വേണ്ടി ചാനലായ ചാനലുകളെല്ലാം കേറിയിറങ്ങി തൊണ്ട കീറിയ സഭാമുഖങ്ങൾ വിളമ്പിവച്ചതും വിഷമല്ലാതെ എന്താണ്. കെസിബിസിയുടെ നിലപാടെന്തായിരുന്നു ?! ആലഞ്ചേരി പിതാവ് എന്തെങ്കിലും പറഞ്ഞോ? ബിഷപ്പിന് ദുരുദ്ദേശമില്ല എന്നാവർത്തിച്ച് പിന്നെന്തിന് എ വിജയരാഘവനും വി എൻ വാസവനും മെത്രാന്റെ വക്താക്കളാവണം.!

ഇടുക്കി രൂപതാ മെത്രാനായിരുന്ന ആനിക്കുഴിക്കാട്ടിലിന്റെ പ്രസംഗം വീണ്ടും ഓർമ്മ വരുന്നു. ലൗ ജിഹാദ് വിവാദത്തിന്റെ ഉൽപത്തികാലത്ത് ആദ്യം അതിനൊപ്പിച്ച് പരസ്യമായി പ്രസംഗിച്ചത് ആനിക്കുഴിക്കാട്ടിൽ പിതാവാണ്. മുസ്‍ലിംകള്‍ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പുറമേ എസ്എന്‍ഡിപിക്ക് കത്തോലിക്കാ പെൺകുട്ടികളെ കല്യാണം കഴിയ്ക്കാനുള്ള ഗൂഢ പദ്ധതിയുണ്ടെന്ന് ബിഷപ്പ് കട്ടായം പറഞ്ഞു.

എസ്എന്‍ഡിപി തെരുവിലിറങ്ങുകയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തതോടെ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തി. ഇന്നിപ്പോ അറയ്ക്കൽ പിതാവ് എവിടെ ?!എസ്എന്‍ഡിപി ഗൂഢ പദ്ധതി ഉപക്ഷിച്ചു എന്ന് വിശ്വസിക്കുന്നതുകൊണ്ടോ ആശ്വസിക്കുന്നതുകൊണ്ടോ അല്ല,ഭൂരിപക്ഷ സമുദായത്തോട് ഇടയണ്ട എന്നതുകൊണ്ടാണ് സിറിയൻ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ തീവ്ര വർഗ്ഗീയ വാദികൾ ആ നാഴി എടുത്ത് പത്തായത്തിലിട്ടത്.

കത്തോലിക്കാ സഭയ്ക്കുള്ളിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷരെ കൂടിയാണ് ബിഷപ്പിന്റെ വക്താക്കൾ ഇപ്പോൾ പരിഹസിക്കുന്നത്. വെല്ലുവിളികൾക്കിടയിലും അൾത്താരയിൽ കയറി കർത്താവിന്റെ ഭാഷ സംസാരിക്കുന്ന ഒത്തിരി വൈദികരെ കൂടിയാണ് ഇവർ നിരാശരാക്കുന്നത്. ഏറുകൊണ്ടവനെ തിരിഞ്ഞു നോക്കാതെ എറിഞ്ഞവന്റെ കൈക്കുഴയ്ക്ക് കുഴമ്പിട്ട് തടവിക്കൊടുക്കുന്ന പണി ഏറ്റവും മൃദുവായി പറഞ്ഞാൽ വകതിരിവുകേടാണ്.

ആസൂത്രിതമായി സിറിയൻ കത്തോലിക്കാ മതമൗലികവാദത്തെ ചൂഷണം ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ഫാസിസ്റ്റുകളും അവരുടെ സഹകരണ സംഘക്കാരായ ഇസ്ലാമിസ്റ്റുകളും മാത്രമാണ് ഇതുവരെ ഈ കളിയിലെ വിജയികൾ. തൽക്കാലം തിരുവനന്തപുരം - പാലാ റൂട്ടിലോടുന്ന വണ്ടികളുടെ എണ്ണ വെറുതേ കത്തിത്തീരും".

പച്ചമരത്തിന് തീപ്പിടിക്കുന്ന വർഗ്ഗീയതയാണ് അപ്പത്തിനും വീഞ്ഞിനും പകരം അൾത്താരയിൽ നിന്ന് പാലാ ബിഷപ്പ് വിളമ്പിയത്.ലവ്...

Posted by Harshan Poopparakkaran on Friday, September 17, 2021

മാധ്യമപ്രവര്‍ത്തകന്‍ സനീഷ് എഴുതിയതിങ്ങനെ- "കേരളത്തിലെ മുസ്‍ലിം സമുദായ നേതൃത്വം ഗംഭീരമാണ്. പക്വതയില്ലാത്ത ഒരു വർത്തമാനം അവരാരുടെയും ഭാഗത്ത് നിന്നുണ്ടായില്ല. ചുമ്മാ ഇരിക്കുമ്പോ ഈ പാലാ ബിഷപ്പ് ഇങ്ങനെയൊരു പ്രകോപന പരാമർശം നടത്തിയിട്ടും. അവരവർ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും അതിന്റെ മുന്നോട്ട് പോക്കിനെ കുറിച്ചും നല്ല ധാരണയും മനുഷ്യ സ്നേഹവും ഉള്ളത് കൊണ്ടാണത്. ഇതര മനുഷ്യരെ കുറിച്ചും മനുഷ്യരുടെ സഹജീവനത്തെക്കുറിച്ചും ഉള്ള ആ കരുതലിനെ കൂടെ ചേർത്താണ് പാണ്ഡിത്യം എന്ന് മനസിലാക്കേണ്ടത്. മന്ത്രി വാസവൻ പറഞ്ഞയാൾക്കല്ല പാണ്ഡിത്യം.

കേരളത്തിലെ മുസ്ലീം സമുദായ നേതൃത്വം ഗംഭീരമാണ്. പക്വതയില്ലാത്ത ഒരു വർത്തമാനം അവരാരുടെയും ഭാഗത്ത് നിന്നുണ്ടായില്ല.ചുമ്മാ...

Posted by Saneesh Elayadath on Friday, September 17, 2021

ഇടതു സഹയാത്രികയായ റീന ഫിലിപ്പ് എഴുതിയതിങ്ങനെ- "ബിഷപ്പിന്‍റെ പാണ്ഡിത്യത്തെ വാസവൻ എത്ര പുകഴ്ത്തിയിട്ടും എതിർക്കുന്നവർക്ക് ഭീകരവാദി പട്ടം അടിച്ചു കൊടുത്തിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ക്രിസംഘികൾ എന്തായാലും മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യാനൊന്നും പോണില്ല. പാർട്ടിയുടെ അടിത്തറ മതേതര വോട്ടുകൾ ആണ്. സംഘപരിവാറിനെ അകറ്റി നിർത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ് രണ്ടാം തവണയും ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. ഒപ്പം നിന്നവരെ ഒറ്റിക്കൊടുക്കുന്ന വർത്താനം പറയരുത് ദയവായി"

ബിഷപ്പിൻ്റെ പാണ്ഡിത്യത്തെ വാസവൻ എത്ര പുകഴ്ത്തിയിട്ടും എതിർക്കുന്നവർക്ക് ഭീകരവാദി പട്ടം അടിച്ചു കൊടുത്തിട്ടും...

Posted by Reena Philipm on Friday, September 17, 2021


TAGS :

Next Story