മനോജ് കുറൂരിൻ്റെ 'നിലം പൂത്തു മലർന്ന നാൾ' എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് 2025ലെ ക്രോസ് വേർഡ് ബുക്ക് പുരസ്കാരം
ജെ. ദേവികയാണ് ഇംഗ്ലീഷ് വിവർത്തനം നിർവഹിച്ചത്

കോട്ടയം: മികച്ച വിവർത്തനത്തിനുള്ള ക്രോസ് വേർഡ് ബുക്ക് പുരസ്കാരം മലയാളികളായ മനോജ് കുറൂരിനും ജെ. ദേവികയ്ക്കും. The Day The Earth Bloomed (നിലം പൂത്തു മലർന്ന നാൾ) എന്ന പുസ്തകത്തിനാണ് പുരസ്കാരം. മനോജ് കൂറൂരാണ് പുസ്തകം രചിച്ചത്. ജെ. ദേവികയാണ് ഇംഗ്ലീഷ് വിവർത്തനം നിർവഹിച്ചത്. ഡിസി ബുക്സാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. സംഘകാലജീവിതവും സംസ്കാരവും ആവിഷ്കരിക്കുന്ന ഈ നോവൽ ഭാഷയുടെ സൗന്ദര്യം കൊണ്ട് വേറിട്ടുനില്ക്കുന്നു.
1971-ൽ കോട്ടയത്താണ് മനോജ് കൂറൂരിൻ്റെ ജനനം. ബസേലിയസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാഹിത്യത്തിൽ എം.എ., എം.ഫിൽ, പിഎച്ച്.ഡി. ബിരുദങ്ങൾ. ഉത്തമപുരുഷൻ കഥ പറയുമ്പോൾ, കവിതകൾ (കവിതാസമാഹാരങ്ങൾ). നതോന്നത: നദി വഴി 44 (എഡി.), കോമാ, സുഡോക്കു (കഥാകാവ്യങ്ങൾ), നിലം പൂത്തു മലർന്ന നാൾ, മുറിനാവ് (നോവലുകൾ), റഹ്മാനിയ: ഇന്ത്യൻ സംഗീതത്തിന്റെ ആഗോളസഞ്ചാരം, നിറപ്പകിട്ടുള്ള നൃത്തസംഗീതം, കേരളത്തിലെ താളങ്ങളും കലകളും (കലാനിരൂപണങ്ങൾ) എന്നിവ കൃതികൾ. കുഞ്ചുപിള്ള സ്മാരക അവാർഡ് (1997), എസ്.ബി.ടി. കവിതാ അവാർഡ് (2005), കേരളസാഹിത്യഅക്കാദമി കനകശ്രീ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക എന്നീ മേഖലയിൽ പ്രമുഖയാണ് ദേവിക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.
Adjust Story Font
16

