'എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്,ആഗസ്റ്റ് 9ന് മരിക്കുമെന്ന് മറുപടി'; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ വീണ്ടെടുത്തു
ആത്മഹത്യാപ്രേരണാ കുറ്റത്തിന് ശക്തമായ തെളിവെന്ന് പൊലീസ്

നതിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ വീണ്ടെടുത്ത് പൊലീസ്. എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് യുവതിയോട് സുകാന്ത് ടെലഗ്രാം ചാറ്റിൽ ചോദിക്കുന്നുണ്ട്.
ആഗസ്ത് ഒമ്പതിന് മരിക്കുമെന്നാണ് യുവതി മറുപടി നൽകുന്നത്. മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുന്നതിനായി ഒഴിഞ്ഞുതരണമെന്നും സുകാന്ത് പറയുന്നതും പൊലീസ് കണ്ടെടുത്ത ചാറ്റിലുണ്ട്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സുകാന്തിന്റെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്. ഫെബ്രുവരി 9 നാണ് സംഭാഷണം നടന്നത്.എന്നാല്‍ ഈ ചാറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതാണ് പൊലീസ് വീണ്ടെടുത്തത്. കേസില്‍ പ്രതി സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണ്.
ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്.
Adjust Story Font
16


