Quantcast

'എം.ടി പറഞ്ഞത് കേരളവും മുന്നിൽ കണ്ട്'; എം.ടിയുടെ ഭരണകൂട വിമർശനത്തെ അനുകൂലിച്ച് സാംസ്കാരിക- രാഷ്ട്രീയ നേതാക്കൾ

രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് എംടിയെന്ന് എന്‍.ഇ സുധീര്‍

MediaOne Logo

Web Desk

  • Published:

    12 Jan 2024 5:57 AM GMT

mt vasudevan nair,mt vasudevan nair remark, state criticism,pinarayi vijayan,cmkerala,KLF,എം.ടിയുടെ വിമര്‍ശനം, എം.ടി വാസുദേവന്‍ നായര്‍,പിണറായി വിജയന്‍,latest malayalam news
X

കോഴിക്കോട് : എം.ടി.വാസുദേവൻ നായരുടെ ഭരണകൂട വിമർശനത്തിന് പിന്തുണയേറുന്നു. എം.ടി യുടെ പരാമർശം കേരളവും മുന്നിൽ കണ്ടാണെന്ന് എഴുത്തുകാരൻ എൻ.ഇ സുധീർ പറഞ്ഞു. 'എം.ടിയെക്കുറിച്ച് അറിയാത്തവരാണ് സംശയിക്കുന്നത്. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് എംടി'. ചിലത് പറയാനുണ്ടെന്ന് എം.ടി പ്രസംഗത്തിന് മുന്നേ പറഞ്ഞിരുന്നുവെന്നും സുധീർ മീഡിയവണിനോട് പറഞ്ഞു.

നേരത്തെ ഫേസ്ബുക്ക് കുറിപ്പിലും എന്‍.ഇ സുധീര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.‘ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി.പറഞ്ഞു.അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്’ പ്രസംഗം വിവാദമായതിന് പിന്നാലെ എം.ടിയോട് അതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിതാ​ണെന്ന് സുധീർ ​സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള രാഷ്ട്രീയ വിമർശനമെന്ന് ഗീവർഗീസ് കൂറിലോസ് പറഞ്ഞു. 'ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്. എം.ടിക്ക് നന്ദി..അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം. മൂർച്ചയുള്ള ശബ്ദം.കാതുള്ളവർ കേൾക്കട്ടെ..അധികാരം അടിച്ചമർത്താൻ ഉള്ളതല്ല.അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ..' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എം.ടി വാസുദേവൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് വിമർശിച്ചതെന്നും വായിക്കുന്നവർക്ക് കാര്യം മനസ്സിലാകുമെന്നും കെ. മുരളീധരൻ എം.പിയും പറഞ്ഞു. നരേന്ദ്രമോദിക്കും വിമർശനം ബാധകമാണെന്നും കെ.മുരളീധരൻ പറഞ്ഞു.

എന്നാല്‍ എം.ടിയുടെ പരാമർശം മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യം വച്ചല്ല പ്രസ്താവനയെന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ട്. വേണ്ടാത്ത വിവാദത്തിലേക്ക് എംടിയെ വലിച്ചിഴക്കുന്നുവെന്നും കേന്ദ്രത്തിനെതിരായ വിമർശനമായിട്ടാണ് തനിക്ക് തോന്നിയതെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

എം.ടിയുടെ വാക്കുകളെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നവകേരള സദസ്സിലെ ജനപിന്തുണ കണ്ട് വിരളി പൂണ്ട പ്രതിപക്ഷം എം.ടിയുടെ പരാമർശത്തെ തിരിച്ചു വിടുന്നതായും അദ്ദേഹം പറഞ്ഞു.

അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു.ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


TAGS :

Next Story