ആശാവർക്കർമാരുടെ സമരത്തെ അനുകൂലിച്ച വ്ളോഗർക്കെതിരെ സൈബർ ആക്രമണമെന്ന് പരാതി
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മൂന്ന് വീഡിയോകൾക്ക് താഴെയാണ് ഇടത് അനുകൂല ഐഡികളിൽ നിന്ന് അസഭ്യ കമന്റുകൾ വന്നത്

പത്തനംതിട്ട: ആശാ വർക്കർമാരുടെ സമരത്തെ അനുകൂലിച്ച് ഫേസ്ബുക്കിൽ വീഡിയോ ചെയ്ത വ്ളോഗർക്കെതിരെ സൈബർ ആക്രമണമെന്ന് പരാതി.പത്തനംതിട്ട തുമ്പമൺ സ്വദേശിനിയായ നീനുവാണ് സൈബർ ആക്രമണതിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ആശാവർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നീനു ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത മൂന്ന് വീഡിയോകൾക്ക് താഴെയാണ് ഇടത് അനുകൂല ഐഡികളിൽ നിന്ന് അസഭ്യ കമന്റുകൾ വന്നത്. കമന്റുകൾക്ക് പിന്നാലെ ഭീഷണി മെസ്സേജുകളും നീനുവിനു നിരന്തരം വരുന്നുണ്ട്. കൂട്ടമായി റിപ്പോർട്ടടിച്ചു ഫേസ്ബുക് അക്കൗണ്ടിന്റെ പ്രവർത്തനം നിർത്തിക്കാനും വ്യാജ പ്രൊഫൈലുകൾ ശ്രമിക്കുന്നതായി നീനു ആരോപിക്കുന്നു.
സൈബർ ആക്രമണത്തിനെതിരെ നീനു പത്തനംതിട്ട സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പന്തളം പൊലീസ് സ്റ്റേഷനിലും നീനു പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിക്കും ഡി ജി പിക്കും പരാതി നൽകാനാണ് നീനുവിന്റെ നീക്കം.
Adjust Story Font
16

