Quantcast

രേഷ്മയ്‌ക്കെതിരെയുള്ള സൈബർ ആക്രമണം ശരിയല്ല: എം.വി ജയരാജൻ

"രേഷ്മ ജയിൽ മോചിതയായപ്പോൾ സ്വീകരിച്ചത് ബിജെപി നേതാവ് അജേഷ്"

MediaOne Logo

Web Desk

  • Updated:

    2022-04-24 06:08:39.0

Published:

24 April 2022 6:06 AM GMT

രേഷ്മയ്‌ക്കെതിരെയുള്ള സൈബർ ആക്രമണം ശരിയല്ല: എം.വി ജയരാജൻ
X

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ താമസിക്കാൻ ഇടം നൽകിയ സ്കൂള്‍ അധ്യാപിക രേഷ്മക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ലെന്നും അത് ശരിയല്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. അത് ആരായാലും. അതു ശരിയുമല്ല. ഒരു സ്ത്രീ വാടകയ്ക്ക് ഒരു വീട് ഏർപ്പെടുത്തിക്കൊടുക്കുന്നു. എന്നു മാത്രമല്ല, കേസിലെ പ്രതിക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നു. അതിനപ്പുറം പറയണോ?'- മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി ജയരാജൻ പറഞ്ഞു. നിജിൽ ദാസുമായി രേഷ്മയ്ക്ക് ദീർഘകാലമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണ് എന്ന് ജയരാജൻ പറഞ്ഞു. 'രേഷ്മ ജയിൽ മോചിതയായപ്പോൾ സ്വീകരിച്ചത് ബിജെപി നേതാവ് അജേഷാണ്. ജയിലിന് പുറത്ത് രേഷ്മയെ സ്വീകരിച്ചത് ബിജെപി നേതാക്കളാണ്. സ്വീകരിക്കാനെത്തിയ ലിജേഷ് ബിജെപി മണ്ഡലം പ്രസിഡണ്ടാണ്. വാടകയില്ലാതെയാണ് നിജിൽ ദാസ് അവരുടെ വീട്ടിൽക്കഴിഞ്ഞത്. പ്രതിയാണ് എന്നറിഞ്ഞു കൊണ്ടാണ് രേഷ്മ നിജിൽ ദാസിനെ താമസിപ്പിച്ചത്.' - ജയരാജൻ ചൂണ്ടിക്കാട്ടി.

രേഷ്മയുടെ ഭർത്താവ് പ്രശാന്തും ഭാര്യയുടെ വഴിയെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. 'പ്രശാന്തിപ്പോ, രേഷ്മയുടെ അതേ പാതയിൽ പോയിക്കൊണ്ടിരിക്കുകയാണ്. അതിലിപ്പോൾ ആർക്കും ഒരു സംശയവുമില്ല. കഴിഞ്ഞതവണ അണ്ടലൂരിൽ ബിജെപിക്കാരുടെ നേതൃത്വത്തിൽ നടന്ന സമരപരിപാടിയുണ്ടായിരുന്നു. അതിൽ മുമ്പന്തിയിൽ പ്രശാന്താണ്.' - അദ്ദേഹം പറഞ്ഞു.

'നിജിൽ ദാസിനെ അറിയാമായിരുന്നു'

നിജിൽ ദാസിനെ ഒരു വർഷമായി രേഷ്മയ്ക്കറിയാമെന്നാണ് ന്യൂ മാഹി പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിഷുവിന് ശേഷം ഒൡവിൽ കഴിയാൻ സൗകര്യമൊരുക്കി നൽകണമെന്ന് നിജിൽ ദാസ് രേഷ്മയോട് നേരിട്ട് ആവശ്യപ്പെട്ടു. ഇതുപ്രകാരം രേഷ്മ തന്റെ വീട്ടിൽ സൗകര്യം ഒരുക്കി നൽകി. ഒളിവിൽ കഴിയവെ രണ്ടു തവണ നിജിൽ ദാസിനെ രേഷ്മ സ്‌കൂട്ടറിലെത്തി വീട്ടിൽ സന്ദർശിച്ചിരുന്നു- റിപ്പോർട്ടിൽ പറയുന്നു.

നാലു ദിവസത്തേക്ക് 1500 രൂപ വാടക എന്ന നിലയ്ക്ക് നിജിൽ ദാസിന്റെ ഭാര്യ ദിപിനയ്ക്ക് വീടു വാടകയ്ക്ക് നൽകി എന്നാണ് രേഷ്മയുടെ കുടുംബം പറഞ്ഞിരുന്നത്. ദിപിനയും രേഷ്മയും ചെറുപ്പം തൊട്ടേ സുഹൃത്തുക്കളാണ്. സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസം നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രേഷ്മയെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാവുകയും വീടിന്റെ ജനലുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

Summary: CPM Kannur district secretary MV Jayarajan says that the social media platforms are not a place for cyber lynching

TAGS :

Next Story