ഭക്ഷ്യവിഷബാധ പറഞ്ഞ് തട്ടിപ്പ്: ആലുവയിൽ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി വാട്സ്ആപ്പിലൂടെ പണം തട്ടാൻ ശ്രമം
തട്ടിപ്പുകാരൻ പൂർണമായും മലയാളത്തിലാണ് സംസാരിച്ചതെങ്കിലും ബംഗളൂരു വിലാസത്തിലുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകിയത്

കൊച്ചി: ആലുവയിൽ ഹോട്ടൽ ഉടമയെ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഹോട്ടലിൽ നിന്ന് വാങ്ങിയ ഊൺ കഴിച്ചതിനെ തുടർന്ന് ഭാര്യക്കും കുട്ടിക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും വിഷയം മാധ്യമപ്രവർത്തകരെയും പൊലീസിനെയും അറിയിക്കാതിരിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഒത്തുതീർപ്പിനായി 8,900 രൂപ ആവശ്യപ്പെട്ട തട്ടിപ്പുകാരൻ പണം അയച്ചുനൽകാനായി ക്യുആർ കോഡും നൽകി. എന്നാൽ ഈ ക്യുആർ കോഡ് പരിശോധിച്ചപ്പോൾ 'ബസവലിംഗ ബംഗളൂരു' എന്ന പേരുള്ള അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടതെന്ന് കണ്ടെത്തി. തട്ടിപ്പുകാരൻ പൂർണമായും മലയാളത്തിലാണ് സംസാരിച്ചതെങ്കിലും ബംഗളൂരു വിലാസത്തിലുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകിയത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
കൃത്യമായ ആസൂത്രണത്തോടെ നടന്ന സൈബർ തട്ടിപ്പ് ശ്രമമാണിതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.
Adjust Story Font
16

