Quantcast

ഇടുക്കിയില്‍ കനത്ത മഴ; ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കലക്ടര്‍

ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രതാ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    15 May 2021 2:20 AM GMT

ഇടുക്കിയില്‍ കനത്ത മഴ; ഡാമുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കലക്ടര്‍
X

ഇടുക്കിയില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. മഴ ശക്തമായാല്‍ ദുരന്ത സാധ്യത മേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കലക്ടർ വ്യക്തമാക്കി.

ഹൈറേഞ്ചിലും ലോറേഞ്ചിലും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രതാ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. അപകട സാധ്യത മുന്നില്‍ക്കണ്ട്‌ റോഡരികിലെയും കെട്ടിടങ്ങളോട്‌ ചേര്‍ന്നുമുള്ള മരങ്ങള്‍ മുറിച്ച്‌ നീക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്‌.

കോവിഡ്‌ രോഗികളെയും, രോഗലക്ഷണങ്ങള്‍ ഉള്ളവരെയും, നിരീക്ഷണത്തില്‍ കഴിയുന്നവരെയും മാറ്റിപ്പാർപ്പിക്കുന്നവർക്കായി പ്രത്യേകം ക്യാമ്പുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്‌ ജില്ലാ ഭരണകൂടം. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ ദുരന്തനിവാരണ സേനയുടെ 20 അംഗ സംഘം ജില്ലയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കലക്ടര്‍ എച്ച്‌. ദിനേശിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രധാന അണക്കെട്ടുകളായ മുല്ലപ്പെരിയാര്‍, ഇടുക്കി ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. കലക്ട്രേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലുമായി ജില്ലയിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കുന്ന ആറ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.



TAGS :

Next Story