ഡി.എ കുടിശിക ലഭിക്കണം; ചീഫ് സെക്രട്ടറിക്ക് ഐ.എ.എസ് അസോസിയേഷന്റെ കത്ത്
ഐ.പി.എസ് അസോസിയേഷനും ഇതേ ആവശ്യവുമായി സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ്.

തിരുവനന്തപുരം: ഡി.എ കുടിശിക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ച് ഐ.എ.എസ് അസോസിയേഷൻ. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള, നാല് ശതമാനം വർധിപ്പിച്ച കുടിശിക ലഭ്യമാക്കണമെന്നാണ് ആവശ്യം. ഇത് ലഭിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലുണ്ട്. കത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ട്.
2023 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി വർധിപ്പിച്ചത്. രാജ്യത്തെ മറ്റെല്ലാം സംസ്ഥാനങ്ങളും കേന്ദ്ര നിരക്കിൽ ഡി.എ ഐ.എ.എസുകാർ അടക്കമുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയും ചെയ്തു. ഏഴ് മാസമായിട്ടും കേരളത്തിൽ വർധിപ്പിച്ച പ്രകാരമുള്ള ഡി.എ ലഭിക്കുന്നില്ല. ഇതാണ് പരാതി ഉന്നയിക്കുന്നതിലേക്ക് അസോസിയേഷനെ എത്തിച്ചത്.
കേരളത്തിൽ മാത്രമാണ് ഡി.എ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഐ.എ.എസ് അസോസിയേഷൻ ചൂണ്ടികാട്ടുന്നു. കത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് കൂടി ആലോചിച്ചിട്ടാണ് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തിൻ്റെ പകർപ്പ് നൽകിയതെന്നാണ് വിവരം.
ഐ.എ.എസ് അസോസിയേഷന് പിന്നാലെ ഐ.പി.എസ് അസോസിയേഷനും ഇതേ ആവശ്യവുമായി സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ്. നാല് ശതമാനം കുടിശികയാണ് ഐ.എ.എസുകാർക്ക് ഉള്ളത്. എന്നാൽ സംസ്ഥാന ജീവനക്കാർക്ക് 21 ഡി.എ ശതമാനം ഉണ്ട്. ഇതിൽ രണ്ട് ശതമാനം നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നിരുന്നാലും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആവശ്യം സർക്കാർ അടിയന്തരമായി പരിഗണിച്ചേക്കും.
Adjust Story Font
16

