പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് ക്രൂരപീഡനം. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു. ബിന്ദു നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ല.
സംഭവത്തിൽ തനിക്ക് നീതി ലഭിക്കും വരെ പോരാടും എന്നുറപ്പിച്ചാണ് ബിന്ദു. ബിന്ദു നൽകിയ പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു . കണ്ടോൺമെന്‍റ് എസിപിക്കാണ് അന്വേഷണ ചുമതല 15 ദിവസത്തിനകം അന്വേഷിച്ച റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. ബിന്ദുവിന്റെ പരാതിയിൽ എസ് സി എസ് ടി കമ്മീഷനും നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
അതേസമയം, ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പരാതി ഗൗരവത്തോടെയാണ് കണ്ടത്. വീട്ടുടമക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് കോടതിയെ സമീപിക്കാൻ പറഞ്ഞതെന്നും പി.ശശി അറിയിച്ചു.
ബിന്ദു നൽകിയ പരാതിയിൽ ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കുന്നു. പേരൂർക്കട സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴി കൻ്റോൻമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് രേഖപ്പെടുത്തുന്നത്.
Adjust Story Font
16


