'മലപ്പട്ടത്തെ റിട്ടേണിംഗ് ഓഫീസറെ മാറ്റണം'; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കോൺഗ്രസ്
മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളിയ സംഭവത്തിലാണ് പരാതി

കണ്ണൂര്‍: മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഒപ്പില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ഡിസിസി പ്രസിഡന്റ്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളിയ സംഭവത്തിലാണ് പരാതി.
സിപിഎം പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പത്രിക തള്ളിയതെന്നാണ് പരാതി. റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പ് തന്റെയാണെന്ന് വ്യക്തമാക്കിയിട്ടും സിപിഎം പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യഥാര്‍ഥത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പിലാണ് വ്യത്യാസമുള്ളത്. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥനെ ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യതയ്ക്ക് നിരക്കുന്നതല്ലെന്നും ആക്ഷേപമുണ്ട്.
Adjust Story Font
16

