മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ നായരുടെ മരണം; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മകൻ
കെപിസിസി ആഭ്യന്തര അന്വേഷണ കമ്മീഷനിൽ വിശ്വാസമില്ലെങ്കിലും സഹകരിക്കുമെന്നും പ്രജിത്ത് പ്രതാപചന്ദ്രൻ പറഞ്ഞു

പ്രതാപ ചന്ദ്രൻ നായർ
തിരുവനന്തപുരം: മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ നായരുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മകൻ പ്രജിത്ത് പ്രതാപചന്ദ്രൻ. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കെപിസിസി ആഭ്യന്തര അന്വേഷണ കമ്മീഷനിൽ വിശ്വാസമില്ലെങ്കിലും സഹകരിക്കുമെന്നും പ്രജിത്ത് പ്രതാപചന്ദ്രൻ പറഞ്ഞു.
സാമ്പത്തിക വിവരങ്ങളുടെ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാക്കിയെന്നും പ്രജിത്ത് പറഞ്ഞു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പാകെ പ്രജിത്ത് ഇന്ന് മൊഴി നൽകിയിരുന്നു.
കെ.പി.സി.സി യുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രജിത്തിന്‍റെ പരാതി. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ നേതാക്കള്‍ക്ക് എതിരെ പൊലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായും മക്കൾ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നൽകുന്ന കാര്യം കെ.പി.സി.സി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. ഡിസംബര്‍ 21നാണ് കെ.പി.സി.സി ട്രഷററും മുന്‍ മന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായ എസ്. വരദരാജന്‍ നായരുടെ മകനുമായ വി.പ്രതാപചന്ദ്രന്‍റെ മരണം.
Adjust Story Font
16

