Quantcast

'സംവാദങ്ങളെ അധിക്ഷേപം കൊണ്ട് തമസ്‌കരിക്കാനാകില്ല'; സ്മൃതി പരുത്തിക്കാടിന് പിന്തുണയുമായി സാംസ്‌കാരിക ലോകം

അശ്ലീലം പറഞ്ഞുള്ള യൂട്യൂബ് വീഡിയോകളിലൂടെയും സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെയും കമൻറുകളിലൂടെയും സ്മൃതി പരുത്തിക്കാടിനെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Feb 2022 2:20 PM GMT

സംവാദങ്ങളെ അധിക്ഷേപം കൊണ്ട് തമസ്‌കരിക്കാനാകില്ല; സ്മൃതി പരുത്തിക്കാടിന് പിന്തുണയുമായി സാംസ്‌കാരിക ലോകം
X

സംവാദങ്ങളെ അധിക്ഷേപം കൊണ്ട് മൂടി ജനാധിപത്യത്തെ തമസ്‌കരിക്കാനാകില്ലെന്ന് വ്യക്തമാക്കി മീഡിയവൺ കോർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിന് പിന്തുണയുമായി സാംസ്‌കാരിക ലോകം. അശോകൻ ചെരുവിൽ, എസ്. ശാരദക്കുട്ടി, മനില സി മോഹൻ തുടങ്ങിയ നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായെത്തിയത്. അശ്ലീലം പറഞ്ഞുള്ള യൂട്യൂബ് വീഡിയോകളിലൂടെയും സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെയും കമൻറുകളിലൂടെയും സ്മൃതി പരുത്തിക്കാടിനെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരവധി പേർ ഇവർക്ക് പിന്തുണ നൽകുന്നത്.

സ്മൃതി പരുത്തിക്കാടിനെതിരെ ആർ.എസ്.എസ്. അനുഭാവ വാറോലകൾ നീചമായ ഭാഷയിൽ അശ്ലീലപ്രചരണം നടത്തുന്നത് ആശയങ്ങളുടെ വായ മൂടിക്കെട്ടാനുള്ള നീക്കമാണെന്നും സംവാദങ്ങളെ അധിക്ഷേപം കൊണ്ടു മൂടി ജനാധിപത്യത്തെ തമസ്‌ക്കരിക്കാമെന്നാണ് വർഗ്ഗീയ രാഷ്ട്രീയക്കാർ കരുതുന്നതെന്നും സാഹിത്യകാരനായ അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ അത് വിലപ്പോവില്ലെന്നും സ്മൃതിക്കെതിരായ നീക്കത്തിൽ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളോട് കുറച്ച് പകയും വിദ്വേഷവും പുലർത്തുന്ന പത്രപ്രവർത്തകയാണ് എന്ന് തോന്നിയിട്ടുണ്ടെന്നും അത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം എഴുതി.

സ്മൃതി മികച്ച മാധ്യമ പ്രവർത്തകയും ധീരയായ സ്ത്രീയാണെന്നും ആത്മവിശ്വാസമോ ആത്മാഭിമാനമോ ഇല്ലാത്ത ചിലരുടെ അറുവഷളൻ വായാടിത്തം കേട്ടാൽ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല്ല, അവരോട് കൈകോർക്കുന്ന ഒരു സ്ത്രീക്കുമില്ലെന്നും എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇത് മറികടക്കാനാണ് പ്രകൃതി ചിന്താ ശക്തിയും ബുദ്ധിയും കുറച്ചധികമായി പെണ്ണിനു തന്നിരിക്കുന്നതെന്നും അത് ഈച്ചകളോട് യുദ്ധം ചെയ്ത് വേസ്റ്റാക്കാനുള്ളതല്ലെന്നും എസ് ശാരദക്കുട്ടി പറഞ്ഞു.

ഒരു സ്ത്രീയോട് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ, അശ്ലീലം പറഞ്ഞും ലൈംഗികാധിക്ഷേപം നടത്തിയും തോൽപ്പിച്ചു കളയാമെന്ന ധാരണ ആൺബോധക്കൂട്ടത്തിനുണ്ടെന്നും സ്മൃതിയ്ക്കു നേരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കാൻ നിയമ സംവിധാനം തയ്യാറാവണമെന്നും മനില സി മോഹൻ ആവശ്യപ്പെട്ടു.

തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കെതിരെ സ്മൃതി പരുത്തിക്കാട് ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. അശ്ലീലം പറയുന്നതും അധിക്ഷേപിക്കുന്നതും പരിധി വിട്ടതിനാലും ന്യൂസെന്ന മട്ടിൽ പോലും അവ അവതരിപ്പിക്കപ്പെടുന്നതിനാലുമാണ് പ്രതികരണമെന്ന് അവർ പറഞ്ഞിരുന്നു. അധിക്ഷേപം നടത്തുന്ന മുഖമില്ലാത്ത സൈബർ കൂട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയാകുന്നതിനാൽ അവർ ചിലപ്പോഴൊക്കെ കണ്ണടയ്ക്കാറുണ്ടെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം കൂട്ടങ്ങൾ സിപിഎമ്മിനും കോൺഗ്രസിനും ഏറ്റവും കൂടുതൽ ബിജെപിക്കുമുണ്ടെന്നും സ്വാതി ചതുർവേദിയുടെ 'ഐ ആം എ ട്രോൾ: ഇൻസൈഡ് ദി സീക്രട്ട് വേൾഡ് ഓഫ് ദി ബിജെപീസ് ഡിജിറ്റൽ ആർമി' എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ടെന്നും അവർ പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങൾക്കും അശ്ലീലങ്ങൾക്കുമെതിരെ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.


'Debates cannot be abused'; Cultural world with support for Smruthy Paruthikad

TAGS :

Next Story