മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ഈങ്ങാപ്പുഴയില്‍ ഭർത്താവിന്റെ കുത്തേറ്റ ഷിബിലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
11 മുറിവുകളാണ് ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത്

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭർത്താവിന്റെ കുത്തേറ്റ ഷിബിലയുടെ മരണത്തിലേക്ക് നയിച്ചത് കഴുത്തിലുള്ള ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റോമാർട്ടം റിപ്പോർട്ട്. അക്രമം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. കുത്താനുപയോഗിച്ച ആയുധം പ്രതി യാസിറിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട ഷിബിലുയടെ മൃതദേഹം കബറടക്കി.
കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകളാണ്. കഴുത്തിൽ ആഴത്തിലേറ്റ രണ്ട് മുറിവുകൾ മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ ഉച്ചക്ക് വീട്ടിലെത്തിയ യാസിർ വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ വൈകീട്ട് കത്തിയുമായെത്തി ഷിബിലയെയും ഉപ്പയെയെും ഉമ്മയെയും കുത്തുകയായിരുന്നു.
ഓടിയെത്തിയ അയൽവാസികൾക്ക് നേരെ കത്തി വീശുകയും ചെയ്തു. കൊല ചെയ്യാനുപയോഗിച്ച കത്തി യാസിറിന്റെ കാറില്‍ നിന്ന് കണ്ടെത്തി. ഷിബിലയുടെ പിതാവിനെ ലക്ഷ്യംവെച്ചാണ് താന്‍ വന്നതെന്നാണ് യാസിർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. യാസിറിന്റ ഫോറന്‍സിക് പരിശോധന പൂർത്തിയാക്കിയ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
കക്കാട് ഇർഷാദുസ്സുബിയാന്‍ മദ്രസയില്‍ പൊതുദർശനത്തിന് ശേഷം ഷിബിലയുടെ മൃതദേഹം കക്കാട് കരികുളം ജുമാമസ്ജിദ് കബർസ്ഥാനില് കബറടക്കി.യാസിറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യാപിതാവ് അബ്ദറഹ്മാന്റെയും ഭാര്യാ മാതാവ് ഹസിനയുടെയും ആരോഗ്യ നില തൃപ്തികരമാണ്. കൊലപാതകം നടന്ന വീട്ടില്‍ ഫോറന്‍സിക് സംഘവും ഡോക് സ്ക്വാഡും പരിശോധന നടത്തി.
Adjust Story Font
16

