Quantcast

ഗണഗീതത്തിലെ വരികൾ ഉപയോഗിച്ച് ദീപ നിശാന്ത്; വിമർശനം

പോസ്റ്റിനെ വിമർ​ശിച്ച ഗ്രാമപ്രകാശിനെതിരെ ആരോപണവുമായി ദീപ

MediaOne Logo

Web Desk

  • Updated:

    2024-05-18 13:00:38.0

Published:

18 May 2024 12:59 PM GMT

grama prakash and deepa nishanth
X

കോഴിക്കോട്: ഇടത് സഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിമർശനം. പോസ്റ്റിനെ വിമർശിച്ച എഴുത്തുകാരനും ഇടത് സഹയാത്രികനുമായ ഡോ. എൻ.ആർ ഗ്രാമപ്രകാശിനെതിരെ ആരോപണവുമായി ദീപയും രംഗത്തുവന്നു. തന്റെ പുസ്തകമായ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ’എന്നതിന്റെ പ്രകാശന ചടങ്ങിലേക്ക് ഗ്രാമപ്രകാശ് ബി.ജെ.പി നേതാവിനെ ക്ഷണിക്കാൻ ശ്രമിച്ചെന്ന് ദീപ ആരോപിച്ചു.

ദീപ നിശാന്ത് ലണ്ടൻ യാത്രക്കിടെ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പമാണ് ‘പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ..." അമരരാവുക പ്രിയരേ’ എന്ന വരികൾ ഉൾപ്പെടുത്തിയത്.

ഇതിനെതിരെ ഇടത് സഹയാത്രികരടക്കം ദീപക്കെതിരെ രംഗത്തുവന്നു. ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. ‘ദീപ നിശാന്ത് ഗണഗീതം പകർത്തിയെഴുതിയതിനെ ആക്ഷേപിച്ചു കുറെ പോസ്റ്റുകൾ വായിച്ചു. ഏത് കവിത ഉദ്ധരിക്കണമെന്നതു അവരുടെ സ്വാതന്ത്ര്യം. ഇടതുപക്ഷ സഹയാത്രിക എന്നാണവരെ എതിർപക്ഷം വിശേഷിപ്പിക്കുന്നത്. ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കയുമില്ല. അനുകരികരിക്കുകയുമില്ല. ഉദ്ധരിക്കൽ ഒരു തരത്തിൽ അംഗീകരിക്കലാണ്. ഗണഗീതത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു ഭാഗമെടുത്തതായാൽ പോലും യോജിക്കാനാവില്ല’ -ഗ്രാമപ്രകാശ് പോസ്റ്റിൽ വ്യക്തമാക്കി.

ഗ്രാമപ്രകാശിന് മറുപടിയുമായി ദീപയും രംഗത്തുവന്നതോടെ ഇരുവരും തമ്മിൽ തുറന്ന പേരായി മാറി. ‘അതിന്റെ അറ്റത്തുള്ള സ്മൈലി മനസ്സിലാക്കാത്ത ആളല്ല മാഷെന്നായിരുന്നു വിശ്വാസം.. ആ പോട്ടെ! വർഷങ്ങൾക്കു മുമ്പ് 2015 നവംബർ മാസത്തിൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ചുക്കാൻ പിടിച്ചു കൊണ്ട് ആദ്യഘട്ടത്തിൽ മാഷടക്കമുള്ളവർ മുന്നിട്ടു നിന്നതോർക്കുന്നു. അന്ന് മാഷെന്നോടൊരു കാര്യം പറഞ്ഞതുമോർക്കുന്നു. മാഷിന്റെ സുഹൃത്തായ, കേരളവർമ്മയിൽ പഠിച്ചിരുന്ന ചാനൽ ചർച്ചയിൽ വിഷം വമിപ്പിക്കുന്ന തൃശൂരിലെ പ്രമുഖ ബിജെപി നേതാവിനെ ആ ചടങ്ങിലേക്ക് ക്ഷണിക്കാമെന്നും പുസ്തകം ഏറ്റുവാങ്ങിപ്പിക്കാനോ മറ്റോ വേദിയിൽ കയറ്റിയിരുത്താമെന്നും മാഷ് പറഞ്ഞപ്പോൾ ഞാനത് വേണ്ടെന്നു പറഞ്ഞതും മാഷിന് നീരസമായതും വെറുതെ ഓർക്കുന്നു. അവസരവാദികളുടെ വാഴ്‌ത്തൽ സംഘത്തിൽ ഞാനന്നും ഇന്നും ഇല്ലാത്തതിൽ വ്യക്തിപരമായി അഭിമാനമുണ്ട് മാഷേ’ -എന്നായിരുന്നു ദീപയുടെ മറുപടി.

ഇതിന് മറുപടിയുമായി ഗ്രാമപ്രകാശും രംഗത്തെത്തി. നിരുത്തരവാദ പ്രസ്താവന പിൻവലിക്കണമെന്ന് അ​ദ്ദേഹം ആവശ്യപ്പെട്ടു. ‘സ്മൈലി ഇട്ടാലും ഇല്ലെങ്കിലും അത് ഉദ്ധരിച്ചതു നന്നായില്ല. എത്രയോ നല്ല കവിതകളുണ്ട് ഒരു മലയാളം ടീച്ചർക്കു കണ്ടു പിടിക്കാൻ. പുസ്തക പ്രകാശനത്തിനു ചുക്കാൻ പിടിച്ചതു ഞാനല്ല. ഇപ്പറഞ്ഞയാളെ ക്ഷണിക്കുന്ന കാര്യം പറഞ്ഞിട്ടുമില്ല. ഇത്തരം അയഥാർത്ഥ വസ്തുതതകളാണോ കുറിപ്പുകൾ. ഇങ്ങനെ വ്യാജങ്ങൾ പ്രചരിപ്പിക്കരുത്. ഇപ്പറഞ്ഞയാളെ ഒരു കാരണവശാലും ഞാൻ പറയില്ല. അതിനു കാരണങ്ങളുമുണ്ട്. ദീപയ്ക്ക് ആളെ തെറ്റിയതാകും. ഈ നിരുത്തരവാദ പ്രസ്താവന പിൻവലിക്കണം’ എന്നായിരുന്നു മറുപടി.

എന്നാൽ, ത​ന്റെ പ്രസ്താവന പിൻവലിക്കില്ലെന്ന് ദീപ നിശാന്ത് വ്യക്തമാക്കി. ‘ഒരു പിൻവലിക്കലുമില്ല. മാഷ് പറഞ്ഞ കാര്യം തന്നെയാണ്. ഞാൻ മാത്രമല്ല അക്കാര്യമറിഞ്ഞിട്ടുള്ളത്. അത് കേട്ട പലർക്കും അതിൽ അത്ഭുതവുമില്ലായിരുന്നു. മാഷിനെപ്പറ്റി അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എനിക്കായിരുന്നു അത്ഭുതം. കൂടുതൽ പറയാൻ ഞാൻ തയ്യാറാണ് മാഷേ. അത് പറയിപ്പിക്കാതിരിക്കാനാണ് മാഷ് ശ്രദ്ധിക്കേണ്ടത്. അധികാരത്തിനു വേണ്ടിയുള്ള കസർത്തുകൾ നടത്താത്തതു കൊണ്ട് നഷ്ടങ്ങളെപ്പറ്റി എനിക്ക് വേവലാതിയൊന്നുമില്ല. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. മാഷ് മാനനഷ്ടത്തിന് കേസ് കൊടുത്തേക്കു’ -എന്നായിരുന്നു ദീപയുടെ മറുപടി.

TAGS :

Next Story