ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം, ഓൺലൈൻ വഴി എയർപിസ്റ്റൾ വാങ്ങി, യൂട്യൂബ് നോക്കി പരിശീലനം
കൃത്യം നടത്താനായി ദീപ്തി മാസങ്ങളോളം ഷിനിയുടെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു

തിരുവനന്തപുരം: വഞ്ചിയൂരിൽ ചെമ്പകശ്ശേരി സ്വദേശി ഷിനിയെ എയർപിസ്റ്റൾ കൊണ്ട് വെടിവച്ചു പരിക്കേൽപ്പിച്ച കേസിൽ വനിതാ ഡോക്ടർ ദീപ്തി മോൾ ജോസ് നടത്തിയത് കൃത്യമായ ആസൂത്രണം. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തി ഷിനി താമസിക്കുന്ന വീട്ടിലെത്തിയത്. എന്നാൽ സിസിടിവി ക്യാമറയും കാറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. ദീപ്തിയും വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.
അടുപ്പം, പക, ആസൂത്രണം
ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. നേരത്തെ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. ഈയിടെ സുജിത്തും ദീപ്തിയും അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസ്സമാണ് എന്നു കരുതിയാണ് ദീപ്തി ഇവരെ വകവരുത്താൻ തീരുമാനിച്ചത്.
ഓൺലൈൻ വെബ്‌സൈറ്റ് വഴിയാണ് ദീപ്തി എയർറൈഫിൾ സംഘടിപ്പിച്ചത്. ഓൺലൈൻ വിൽപ്പന സൈറ്റിൽ കണ്ട കാറിന്റെ നമ്പർ ഉപയോഗിച്ച് വ്യാജ നമ്പർ പ്ലേറ്റും സംഘടിപ്പിച്ചു. യൂട്യൂബ് നോക്കിയും സിനിമയിലെ രംഗങ്ങൾ ആവർത്തിച്ചു കണ്ടുമാണ് ഇവർ പിസ്റ്റൾ ഉപയോഗിക്കാൻ പഠിച്ചത്. കൃത്യം നടത്താനായി മാസങ്ങളോളം ഇവർ ഷിനിയുടെ വീടും പരിസരവും നിരീക്ഷിക്കുകയും ചെയ്തു. തൊട്ടടുത്തു നിന്ന് വെടിയുതിർത്താൽ കൊലപ്പെടുത്താമെന്ന് കരുതിയാണ് കൊറിയർ നൽകാനെന്ന വ്യാജേന ഞായറാഴ്ച രാവിലെ ദീപ്തി ഷിനിയുടെ വീട്ടിലെത്തിയത്.
കൃത്യം നടത്തിയത് ഒറ്റയ്ക്ക്
ചാക്ക, പാൽക്കുളങ്ങര വഴി ഒറ്റയ്ക്ക് കാറോടിച്ചാണ് ഷിനിയുടെ വീട്ടിലേക്ക് ദീപ്തി എത്തിയത്. കൃത്യം നടത്തിയ ശേഷം അതേ കാറിൽ ചാക്ക ബൈപ്പാസ് വഴി രക്ഷപ്പെട്ടു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെന്ന് വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്. അതിനിടെ കാറിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കാർ ഉപേക്ഷിക്കാൻ ദീപ്തി ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലായത്.
നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
അന്വേഷണത്തെ വഴി തെറ്റിക്കാൻ വ്യാജ നമ്പർ പ്ലേറ്റാണ് ദീപ്തി ഉപയോഗിച്ചത്. എന്നാൽ സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളും വനിതാ ഡോക്ടർക്ക് കുരുക്കായി. തിരുവനന്തപുരം സിറ്റി ഡി.സി.പി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ വഞ്ചിയൂർ പൊലീസാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.
അഞ്ചുമാസം മുൻപാണ് ദീപ്തി ഇപ്പോൾ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ ചേർന്നത്. പൾമനോളജിയിൽ എം.ഡി എടുത്തശേഷം ക്രിട്ടിക്കൽ കെയർ സ്‌പെഷ്യാലിറ്റിയിൽ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഇപ്പോൾ ക്രിട്ടിക്കൽ കെയർ സ്‌പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയാണ്. ഇവരുടെ ഭർത്താവും ഡോക്ടറാണ്.
Adjust Story Font
16

