Quantcast

തൃശൂരിൽ ട്രെയിനിൽ കുഴഞ്ഞു വീണ യുവാവിന് ചികിത്സ വൈകിയ സംഭവം; വീഴ്ചയുണ്ടായില്ലെന്ന് ദക്ഷിണ റെയിൽവെ

തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-08 03:29:35.0

Published:

8 Oct 2025 8:11 AM IST

തൃശൂരിൽ ട്രെയിനിൽ കുഴഞ്ഞു വീണ യുവാവിന് ചികിത്സ വൈകിയ സംഭവം; വീഴ്ചയുണ്ടായില്ലെന്ന് ദക്ഷിണ റെയിൽവെ
X

Photo| Canva

തൃശൂര്‍: ട്രെയിനിൽ കുഴഞ്ഞു വീണ യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ. ചാലക്കുടി സ്വദേശി ശ്രീജിത്തിന് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു.

യാത്രക്കാർ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങൾ ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലൻസ് സ്റ്റേഷനിൽ വൈകിയെത്തിയതെന്നും റെയിൽവെയുടെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്തിൻ്റെ മരണം വിവാദമായതിന് പിന്നാലെയാണ് റെയിൽവേയുടെ വാർത്താക്കുറിപ്പ്.

അതേസമയം ട്രെയിനിൽ കുഴഞ്ഞു വീണ യുവാവ് ചികിത്സ വൈകി മരിച്ചതിൽ റെയിൽവെയുടെ വാദം തള്ളി ശ്രീജിത്തിന്‍റെ കുടുംബം . മുളങ്കുന്നത്തുകാവിലേക്ക് ആംബുലൻസ് എത്താൻ 10 മിനിറ്റ് പോലും വേണ്ട. ട്രെയിനിൽ ഒരു ഡോക്ടർ ശ്രീജിത്തിന്‍റെ ഗുരുതരാവസ്ഥ എല്ലാവരോടും പറഞ്ഞതാണ്. ശ്രീജിത്തിന് നീതി ലഭിക്കുണമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

മുംബൈ- എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിൽ കുഴഞ്ഞുവീണ ശ്രീജിത്ത് ആംബുലൻസ് കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പരാതി. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തി. പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിലേക്ക് വരികയായിരുന്ന ശ്രീജിത്ത് ഷോർണൂർ പിന്നിട്ടതോടെയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്. സീറ്റിൽ നിന്ന് ചെരിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്തിരുന്ന സുഹൃത്താണ് സഹയാത്രികരെ വിവരമറിയിക്കുന്നത്. ഉടൻ ട്രെയിൻ നിർത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ സ്റ്റേഷനിൽ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. സ്റ്റേഷൻ ഉദ്യോ​ഗസ്ഥരോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും അവരുടെ അനാസ്ഥ കാരണം യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തേണ്ടിവന്നുവെന്നും പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.



TAGS :

Next Story