കൈയും കാലും തല്ലിയൊടിക്കും, റവന്യൂ ഉദ്യോഗസ്ഥര്‍ അടിമേടിക്കും: കൈയേറ്റം ഒഴിപ്പിച്ചതിന് തഹസില്‍ദാറെ ഭീഷണിപ്പെടുത്തി എ.രാജ എംഎല്‍എ
മൂന്നാർ സ്പെഷ്യൽ തഹസിൽദാർ പി.വി ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്

ഇടുക്കി: കൈയേറ്റം ഒഴിപ്പിച്ചതിന് തഹസില്‍ദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎല്‍എ എ.രാജ. കൈയും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.വി ഗായത്രിയെ ഫോണില്‍ വിളിച്ചാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥര്‍ അടിമേടിക്കുമെന്നും നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരുകയില്ലെന്നും എംഎല്‍എ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്. നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു തഹസില്‍ദാറുടെ മറുപടി.
'തഹസില്‍ദാറുടെ കീഴിലുള്ള ചില ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങളിലായി കറങ്ങിനടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. മര്യാദയ്ക്ക് നിന്നില്ലേല്‍ അവരുടെ കൈയും കാലും തല്ലിയൊടിക്കും. സ്റ്റാഫുകളോട് ഇക്കാര്യം ശ്രദ്ധിക്കാന്‍ പറയണം. ഇതുവരെയും മാന്യമായ ഭാഷയിലാണ് പറഞ്ഞത്. മാന്യമായ ഭാഷ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും അവര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ അടിമേടിക്കും. നിങ്ങള്‍ ചെയ്തതൊന്നും ശരിയായ നടപടിയല്ല. നിയമം നോക്കിയാല്‍ ഈ നാട്ടില്‍ എങ്ങനെ കെട്ടിടങ്ങള്‍ ഉയരും? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സെലക്ടീവായിട്ടാണ്. എല്ലാ കെട്ടിടങ്ങളും നിങ്ങള്‍ നോക്കുന്ന മുറയ്ക്കാണെങ്കില്‍ ഈ കെട്ടിടങ്ങളും നിങ്ങള്‍ക്ക് പരിശോധിക്കാം'. എംഎല്‍എ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേകിച്ച് മമതയോ വിരോധമോ ഇല്ലെന്നും ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം കയറിവരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നുമായിരുന്നു തഹസില്‍ദാറുടെ മറുപടി. എല്ലാ കെട്ടിടങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം നടപടിയെടുക്കുകയെന്നത് പ്രായോഗികമായി നടപ്പിലാക്കാനാവില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു.
കെട്ടിട നിര്‍മാണത്തിന് എന്‍ഒസി നല്‍കാത്തതിനെ തുടര്‍ന്ന് എ.രാജയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് ഓഫീസിന് മുന്‍പില്‍ കഴിഞ്ഞ ദിവസം ധര്‍ണ സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16

